'മുണ്ടക്കൈ കോണ്‍ഗ്രസ് ഭവനപദ്ധതി പൂര്‍ണമായും നടപ്പാക്കും, വന്യജീവി ശല്യമല്ല, സിപിഐഎം ശല്യമാണ് പ്രധാനപ്രശ്‌നം' ; ഷാഫി പറമ്പില്‍
ഭവനപദ്ധതിക്ക് കോണ്‍ഗ്രസ് സ്ഥലമേറ്റെടുത്തപ്പോള്‍ സിപിഐഎമ്മില്‍ അസ്വസ്ഥത ആരംഭിച്ചു
പദ്ധതി കോണ്‍ഗ്രസ് നടപ്പാക്കരുതെന്ന് സിപിഐഎമ്മിന്റെ ആഗ്രഹമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍. കോണ്‍ഗ്രസ് നിയോജക മണ്ഡലം നേതൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭവനപദ്ധതിയുടെ ആദ്യഘട്ടം നിര്‍വഹണത്തിന് പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് വന്യജീവി ശല്യമല്ല. സിപിഐഎമ്മിന്റെ ശല്യമാണ്. പദ്ധതി കോണ്‍ഗ്രസ് നടപ്പാക്കരുതെന്ന് സിപിഐഎമ്മിന്റെ ആഗ്രഹമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ഭവനപദ്ധതിക്ക് കോണ്‍ഗ്രസ് സ്ഥലമേറ്റെടുത്തപ്പോള്‍ സിപിഐഎമ്മില്‍ അസ്വസ്ഥത ആരംഭിച്ചു. ഭവനനിര്‍മ്മാണം നടത്തേണ്ട ഭൂമിയെ കാട്ടാനത്തോട്ടമെന്നാണ് സിപിഐഎം വിശേഷിപ്പിക്കുന്നത്. ഇത് പരിഹാസ്യമാണ്. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോള്‍ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ സിപിഐഎമ്മും കാട്ടണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ദുരന്തമുണ്ടായപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിനോക്കിയല്ല ജനം സഹായമെത്തിച്ചത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. ജനങ്ങള്‍ക്ക് സന്തോഷത്തോടെ വസിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് സജ്ജമാക്കുന്നത് ജനകീയ പങ്കാളിത്തതോടെയാണ്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്‍പ്പെടെ അതിലേക്ക് പണം നല്‍കിയിട്ടുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇതേ സമീപനമാണ് ബ്രഹ്‌മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും. സൊസൈറ്റി ഭാരവാഹികളായ സിപിഐഎം നേതാക്കള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പലിശ വാഗ്ദാനം ചെയ്ത് വാങ്ങിയ കോടിക്കണക്കിന് രൂപ തിരികെ നല്‍കുന്നതില്‍ പാര്‍ട്ടി ഉത്തരവാദിത്വം കാട്ടുന്നില്ല. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടെങ്കിലും നീതി പുലര്‍ത്താന്‍ സിപിഐഎം തയ്യാറാകണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പണം നഷ്ടപ്പെട്ടവര്‍ക്കായുള്ള തുടര്‍സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.