ഇ ബസുകള്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുളളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന മേയറുടെ ആവശ്യം ബാലിശവും അപക്വവും: വി ശിവന്‍കുട്ടി

 

വി വി രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വേലികെട്ടി തിരിക്കാന്‍ മേയര്‍ ശ്രമിക്കരുതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

കേന്ദ്ര പദ്ധതിയിലൂടെ തിരുവനന്തപുരം സിറ്റിക്ക് ലഭിച്ച ഇ- ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന്റെ പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വേലികെട്ടി തിരിക്കാന്‍ മേയര്‍ ശ്രമിക്കരുതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുളള ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുളളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന വി വി രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

വി ശിവന്‍കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ വേലികെട്ടി തിരിക്കാന്‍ മേയര്‍ ശ്രമിക്കരുത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ സര്‍വീസ് നടത്താവൂ എന്ന ബഹു.മേയര്‍ ശ്രീ.വി.വി. രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണ്. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണ്.


ബഹുമാനപ്പെട്ട മേയറുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

1.സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതമാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ വിഹിതം 135.7 കോടി രൂപയാണ്. അതായത് പദ്ധതിയുടെ 60 ശതമാനത്തോളം തുക സംസ്ഥാന ഖജനാവില്‍ നിന്നാണ് ചിലവഴിക്കുന്നത്.

2.സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ 113 ബസുകള്‍ കൂടാതെ 50 ബസുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്വന്തം ഉടമസ്ഥതയിലുള്ളതാണ്. ഈ ബസുകളുടെയെല്ലാം മെയിന്റനന്‍സ്, ഡ്രൈവര്‍, കണ്ടക്ടര്‍, ടിക്കറ്റ് മെഷീന്‍ തുടങ്ങി സര്‍വ സംവിധാനങ്ങളും ഒരുക്കുന്നത് കെ.എസ്.ആര്‍.ടി.സിയാണ്. സ്മാര്‍ട്ട് സിറ്റി - കോര്‍പ്പറേഷന്‍ - കെ.എസ്.ആര്‍.ടി.സി എന്നിവ ചേര്‍ന്നുള്ള ത്രികക്ഷി കരാറാണ് നിലവിലുള്ളത്. മേയര്‍ക്ക് ഉപദേശക സമിതിയുടെ അധ്യക്ഷനാകാം എന്നതല്ലാതെ, ബസുകള്‍ എവിടെ ഓടണം എന്ന് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ അധികാരമില്ല.


3. തിരുവനന്തപുരം എന്നത് ഒരു കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന സ്ഥലമല്ല. ഇതൊരു സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ വന്നുപോകുന്ന ഇടമാണിത്. അവര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്, അല്ലാതെ അതിര്‍ത്തിയില്‍ വരമ്പുവെച്ച് തടയുകയല്ല.

മുന്‍ മേയര്‍മാരായ സഖാവ് വി.കെ. പ്രശാന്തും, സഖാവ് ആര്യാ രാജേന്ദ്രനും തിരുവനന്തപുരത്തിന്റെ വികസനത്തെ എത്രത്തോളം ക്രിയാത്മകമായി കണ്ടിരുന്നു എന്ന് ജനം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മേയറുടെ ഭരണവും കാഴ്ചപ്പാടും എത്രത്തോളം പുറകിലാണെന്ന് വരും ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടും.

സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല.