'വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം ; പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍

ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ മാത്രം!

 

നിത്യ ശ്രുതിലയവും ഗന്ധര്‍വ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടന്‍ മണ്‍മറഞ്ഞിരിക്കുന്നു.

അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗമാണ് ജയചന്ദ്രന്റെതെന്നും അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ മാത്രമാണ് ഇനിയുണ്ടാവുകയെന്നും ജി വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


'വല്ലാത്ത ഒരനാഥത്വം ഉണ്ടാക്കുന്ന വിയോഗം .

തീരെ വയ്യാത്തപ്പോഴും പോയിക്കണ്ടപ്പോഴുമെല്ലാം 'റഫി സാബ് ' ആയിരുന്നു സംസാരത്തില്‍.

മകള്‍ ലക്ഷ്മിയോട് പറഞ്ഞ് അകത്തെ മുറിയില്‍ നിന്ന് ഒരു ഡയറി എടുപ്പിച്ചു.

മുഴുവന്‍ റഫി സാബിന്റെ പടങ്ങളും അദ്ദേഹത്തിന്റെ പാട്ടുകളുടെ വരികളും.

പോകുവാന്‍ നേരം, ഒരിക്കലുമില്ലാത്ത പോല്‍, എന്റെ കൈ ജയേട്ടന്റെ കൈയ്ക്കുള്ളിലെ ചൂടില്‍ ഒരല്‍പ്പനേരം കൂടുതല്‍ ഇരുന്നു. ഇന്നിനി ഒരിയ്ക്കലും തിരിച്ചു വരാത്ത കാലഘട്ടവും സ്വര്‍ഗ്ഗീയ നാദങ്ങളും ഗാനങ്ങളും അവയുടെ സൃഷ്ടാക്കളുമൊക്കെ എന്നെ വലയം ചെയ്യുന്ന പോല്‍!

കഴിഞ്ഞ മാസം വീണു ഇടുപ്പെല്ല് തകര്‍ന്നു എന്നറിഞ്ഞപ്പോള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. ഇനിയും കഷ്ടപ്പെടുത്തരുതേ എന്ന്.

നിത്യ ശ്രുതിലയവും ഗന്ധര്‍വ്വനാദവും രാഗ നിബദ്ധതയും നിറഞ്ഞ ഏതോ ഒരു മായിക ലോകത്തേക്ക് ജയേട്ടന്‍ മണ്‍മറഞ്ഞിരിക്കുന്നു. ഇനി കൂട്ടിന് അദ്ദേഹത്തിന്റെ അനശ്വര ഗാനങ്ങള്‍ മാത്രം!


വിട, ജയേട്ടാ, വിട! VG' ജി വേണുഗോപാല്‍ കുറിച്ചു.