ദി കേരള സ്‌റ്റോറി 2 റിലീസ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
വാദത്തിനിടെ, പൊതുതാത്പര്യ ഹര്‍ജിയായി വന്ന കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കാനാകുമോ എന്ന കാര്യത്തില്‍ കോടതി ചോദ്യം ഉയര്‍ത്തി
ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിച്ച് കോടതി രാത്രി 7.30ഓടെ തന്നെ വാദം കേള്‍ക്കാന്‍ തയ്യാറായി.
വിവാദ ചിത്രം ദി കേരള സ്‌റ്റോറി 2 റിലീസ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയും.
ഇന്നലെ ഉച്ചയ്ക്ക് സിംഗിള്‍ ബെഞ്ച് ചിത്രം താല്‍ക്കാലികമായി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ അതിവേഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടിയന്തര സ്വഭാവത്തില്‍ പരിഗണിച്ച് കോടതി രാത്രി 7.30ഓടെ തന്നെ വാദം കേള്‍ക്കാന്‍ തയ്യാറായി.
വാദത്തിനിടെ, പൊതുതാത്പര്യ ഹര്‍ജിയായി വന്ന കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കാനാകുമോ എന്ന കാര്യത്തില്‍ കോടതി ചോദ്യം ഉയര്‍ത്തി. ഹര്‍ജിക്കാര്‍ക്ക് ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായ സാധുത എന്താണെന്നും ഡിവിഷന്‍ ബെഞ്ച് അന്വേഷിച്ചു.
കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഒരു വിദഗ്ധ സമിതിയാണെന്നും അവരുടെ അനുമതി നല്‍കിയ സിനിമയെ സിംഗിള്‍ ബെഞ്ച് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും നിര്‍മ്മാതാക്കള്‍ വാദിച്ചു. ടീസര്‍ പുറത്തിറങ്ങി 16 ദിവസങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും, റിലീസ് തടഞ്ഞാല്‍ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നും അവര്‍ വ്യക്തമാക്കി.
മറ്റുവശത്ത്, ചിത്രം മലയാളികള്‍ക്ക് അപകീര്‍ത്തികരമാണെന്നും ആഗോള തലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാനിടയാക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. വിധി ഇന്നറിയാം.