ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ പാചക വാതക വിലവര്‍ദ്ധന താങ്ങാനാവില്ല ; കേന്ദ്രം  വില കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

അമിതമായി വര്‍ദ്ധിപ്പിച്ച ഈ തുക ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.

 

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപയോളം വര്‍ധിപ്പിച്ചത് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ തകര്‍ക്കുന്ന നടപടിയാണ്.

പാചക വാതക വില ഒറ്റയടിക്ക് കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാചക വാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വില വര്‍ധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപയോളം വര്‍ധിപ്പിച്ചത് ഹോട്ടല്‍-റെസ്റ്റോറന്റ് മേഖലയെ തകര്‍ക്കുന്ന നടപടിയാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചത്. ജനജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ്
രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വര്‍ദ്ധനവ്.

പശ്ചിമേഷ്യന്‍ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടല്‍ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവര്‍ദ്ധന താങ്ങാനാവില്ല. അതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുള്‍പ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുന്‍നിര്‍ത്തി ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്ര നയം തിരുത്തപ്പെടണം. അമിതമായി വര്‍ദ്ധിപ്പിച്ച ഈ തുക ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.