വെള്ളാപ്പള്ളിയടക്കം എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ കോടതി വിധി, അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.

 

കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിന്‍ നമ്പര്‍ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനില്‍ക്കില്ലെന്നുമാണ് വാദം.   

എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്നുമാണ് വാദം. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.

യോഗത്തിന്റെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം റിട്ടേണണ്‍ നല്‍കിയില്ലെങ്കില്‍ മാത്രമാണ് അയോഗ്യത. ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. കേന്ദ്ര കമ്പനി നിയമ പ്രകാരമുള്ള ഡിന്‍ നമ്പര്‍ ഹാജരാക്കിയിട്ടുണ്ടെന്നും അയോഗ്യരാക്കിയ നടപടി നിലനില്‍ക്കില്ലെന്നുമാണ് വാദം.   

ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെയാണ് ജസ്റ്റിസ് ടി.ആര്‍. രവി അയോഗ്യരാക്കിയത്. കമ്പനി നിയമത്തിലെ 164(2) വകുപ്പ് പ്രകാരം സാമ്പത്തിക സ്റ്റേറ്റ്മെന്റുകള്‍ യഥാസമയം ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഡയറക്ടര്‍മാര്‍ക്ക് നിര്‍ബന്ധമായ ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഇല്ലെന്നും കോടതി കണ്ടെത്തി.