കലാപൂരത്തിന് ഇന്ന് കൊടിയിറക്കം ; കപ്പിൽ ആര് മുത്തമിടും.. ? 

അഞ്ചു ദിവസങ്ങളായി ജില്ലയെ കലാപൂർണമാക്കിയ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം ഇന്ന്   വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ

 

തൃശൂർ; അഞ്ചു ദിവസങ്ങളായി ജില്ലയെ കലാപൂർണമാക്കിയ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനം ഇന്ന്   വൈകുന്നേരം 4 മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ചലച്ചിത്ര താരം മോഹൻലാൽ വിശിഷ്ടാതിഥിയാകും.  

പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറും കലോത്സവ സംഘാടക സമിതി ജനറൽ കൺവീനറുമായ ആർ.എസ് ഷിബു ചാമ്പ്യൻഷിപ്പ് പ്രഖ്യാപനം നടത്തും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാമതെത്തുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് പൊതു വിദ്യാഭ്യാസ മന്ത്രിയും ചലച്ചിത്ര താരം മോഹൻലാലും ചേർന്ന് വിജയികൾക്ക് സമ്മാനിക്കും. 

ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്,  സാംസ്കാരിക പ്രമുഖർ, മേയർ നിജി  ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ്‌ എൻ.എസ്. കെ, എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്വര്‍ണ്ണക്കപ്പിനായി കണ്ണൂരിന്റെ മുന്നേറ്റം തുടരുകയാണെങ്കിലും ഒപ്പത്തിനൊപ്പം തൃശ്ശൂരുമുണ്ട്. കണ്ണൂര്‍ 990 പോയിന്റ്, തൃശ്ശൂര്‍ 983, പാലക്കാട് 982, കോഴിക്കോട് 981 എന്നിങ്ങനെയാണ് പോയിന്റ് നില.