വിഎസിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ആദ്യത്തെ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു
വിഎസിന്റെ അടുത്ത സുഹൃത്തും സിപിഐഎം മുതിര്‍ന്ന നേതാവുമായ പി ഉണ്ണി കമ്മ്യൂണിറ്റി ഹാളിന്റെ പുതിയ നാമകരണം നിര്‍വഹിച്ചു.
ഒരു നാടിന് ആകെ ഉപകാരപ്പെടുന്ന രീതിയില്‍ കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം ഉയര്‍ന്നത് വിഎസിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
വിഎസിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ആദ്യത്തെ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനമാരംഭിച്ചു. വിഎസ് അച്യുതാനന്ദന്റെ സ്വന്തം മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിന് കീഴിലുള്ള, കരിങ്കരപ്പുളളി കനാല്‍ ജംക്ഷനിലെ കമ്യൂണിറ്റി ഹാള്‍ ഇനി വിഎസിന്റെ പേരില്‍ അറിയപ്പെടും. ഒന്നാം വിഎസ് അനുസ്മരണം ആചരിക്കുമ്പോളാണ് വിഎസിന്റെ പേരില്‍ കമ്മ്യൂണിറ്റി ഹാളുമായി മലമ്പുഴ കൊടുമ്പ് പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്തെത്തിയിരിക്കുന്നത്.
ഒരു നാടിന് ആകെ ഉപകാരപ്പെടുന്ന രീതിയില്‍ കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടം ഉയര്‍ന്നത് വിഎസിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. മലമ്പുഴ കനാലിന്റെ ഭാഗമായി നിര്‍മിച്ച ബ്രിട്ടിഷ് പാലത്തിന്റെ നിര്‍മാണ സമയത്ത് ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം, ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇതോടെയാണ് സ്ഥലം പഞ്ചായത്തിന് വിട്ടു നല്‍കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിനോട് വിഎസ് ആവശ്യപ്പെട്ടത്. എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ച് 2014ല്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് തുറന്നു നല്‍കിയതും വിഎസിന്റെ മേല്‍നോട്ടത്തിലാണ്. ഇതിനെല്ലാമുള്ള ആദരസൂചകമായാണ് വിഎസിന്റെ ഒന്നാം അനുസ്മരണത്തിന്റെ ഭാഗമായി കമ്യൂണിറ്റി ഹാളിന് അദ്ദേഹത്തിന്റെ പേരിടാന്‍ പഞ്ചായത്തും നാട്ടുകാരും തീരുമാനിച്ചതെന്ന് കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശാന്ത പറഞ്ഞു.
വിഎസിന്റെ അടുത്ത സുഹൃത്തും സിപിഐഎം മുതിര്‍ന്ന നേതാവുമായ പി ഉണ്ണി കമ്മ്യൂണിറ്റി ഹാളിന്റെ പുതിയ നാമകരണം നിര്‍വഹിച്ചു. വികസനങ്ങളിലൂടെ കൊടുമ്പ് പഞ്ചായത്തിന് ജീവനുണ്ടാക്കാന്‍ മുമ്പിലുണ്ടായിരുന്ന വിഎസിന്റെ പേരില്‍ ഒട്ടേറെ പദ്ധതികള്‍ കൊണ്ടുവരാനാണ് തീരുമാനമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ കുമാരനും പ്രതികരിച്ചു.