ആന മയങ്ങാതിരുന്നതും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; മിഷൻ ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു
ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. ആദ്യ മയക്കുവെടി ഏറ്റിട്ടും ആന മയങ്ങാതിരുന്നതും തുടർന്ന് ബൂസ്റ്റർ ഡോസ് വെടിവെച്ചെങ്കിലും ലക്ഷ്യം കാണാതെ പോയതുമാണ് ദൗത്യത്തിന് തിരിച്ചടിയായത്.
അടിമാലി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. ആദ്യ മയക്കുവെടി ഏറ്റിട്ടും ആന മയങ്ങാതിരുന്നതും തുടർന്ന് ബൂസ്റ്റർ ഡോസ് വെടിവെച്ചെങ്കിലും ലക്ഷ്യം കാണാതെ പോയതുമാണ് ദൗത്യത്തിന് തിരിച്ചടിയായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 3.38-ന് ഓമനക്കുഴി ഭാഗത്തുവെച്ചാണ് ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. വെടിയേറ്റ ശേഷം അല്പദൂരം ഓടിയ ആന പിന്നീട് നിന്നു. എന്നാൽ, ആന മയങ്ങിയെന്ന് കരുതി ദൗത്യസംഘം അടുത്തെത്താൻ ശ്രമിച്ചതോടെ ചക്കക്കൊമ്പൻ ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയായിരുന്നു. തുടർന്ന് ബൂസ്റ്റർ ഡോസ് നൽകാൻ ശ്രമിച്ചെങ്കിലും വെടി കൊണ്ടില്ല.
ഇതിനിടെ പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമായതോടെ ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളുടെയും നൂറോളം വരുന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ദൗത്യം നടക്കുന്നത്. സാഹചര്യം അനുകൂലമായാൽ അടുത്ത ദിവസം തന്നെ ദൗത്യം വീണ്ടും പുനരാരംഭിക്കുമെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം.