സത്യപ്രതിജ്ഞയിലെ വന്ദേമാതരം വിവാദത്തില്‍ സിപിഎം മുന്നോട്ട് വെച്ച വിമര്‍ശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു ; മുഹമ്മദ് റിയാസ്
സത്യപ്രതിജ്ഞയിലെ വന്ദേമാതരം വിവാദത്തില്‍ സിപിഎം മുന്നോട്ട് വെച്ച വിമര്‍ശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു ; മുഹമ്മദ് റിയാസ്
വന്ദേമാതരം മുഴുവന്‍ പാടിയത് ലോക്ഭവന്‍ നിര്‍ദേശ പ്രകാരമാണ് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്പോള്‍ സിപിഎം ഉയര്‍ത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്.
സത്യപ്രതിജ്ഞയിലെ വന്ദേമാതരം വിവാദത്തില്‍ സിപിഎം മുന്നോട്ട് വെച്ച വിമര്‍ശനം ശരിയെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. വിമര്‍ശനത്തിന്റെ പേരില്‍ കോലമല്ല, ശരീരം തന്നെ കത്തിച്ചാലും പിന്നോട്ടില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരത്തിന്റെ ആദ്യ ഈരടികള്‍ക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്‍ ഇപ്പോള്‍ സിപിഎം ഉയര്‍ത്തിയ നിലപാട് ശരി വച്ചിരിക്കുകയാണ്. യഥാര്‍ത്ഥ മതവിശ്വാസികള്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാടുയര്‍ത്തിയതിന് ബിജെപിയുടെ നേതൃത്വത്തില്‍ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും ഉള്‍പ്പെടെ നേരിടേണ്ടി വന്നു. സിപിഎം ഉയര്‍ത്തിയ വിമര്‍ശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
ക്രിയാത്മക പ്രതിപക്ഷ ധര്‍മ്മവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിര്‍വ്വഹിക്കപ്പെട്ടിരിക്കുകയാണ്. വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സര്‍ക്കാര്‍ എന്ന നിലയില്‍ അതിപ്പോള്‍ ഉന്നയിക്കുന്നില്ല. കോലമല്ല സ്വശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടില്‍ നിന്ന് പിറകോട്ട് പോകുന്നവരല്ല സിപിഎം എന്നും റിയാസ് പറഞ്ഞു. വന്ദേമാതരം മുഴുവന്‍ പാടിയത് ലോക്ഭവന്‍ നിര്‍ദേശ പ്രകാരമാണ് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വിശദീകരണം. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവന്‍ ആണ്. വേദിയില്‍ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.