'വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും അറിയാം ; കെ എം ഷാജിയ്ക്ക് മറുപടിയുമായി പിഎം നിയാസ്
ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ചതാണെന്നും വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്.
വിശ്വാസികളെല്ലാം സംഘികളല്ലെന്നും ഇപ്പോള്‍ മാത്രമേ തിരുത്താന്‍ കഴിയൂ എന്നും പി എം നിയാസ് പറഞ്ഞു
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെ പിന്തുണച്ച മന്ത്രി കെ എം ഷാജിയ്ക്ക് മറുപടിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാമെന്നാണ് പി എം നിയാസിന്റെ പ്രതികരണം. വിശ്വാസികളെല്ലാം സംഘികളല്ലെന്നും ഇപ്പോള്‍ മാത്രമേ തിരുത്താന്‍ കഴിയൂ എന്നും പി എം നിയാസ് പറഞ്ഞു. നിയമിച്ചുകഴിഞ്ഞാല്‍ തിരുത്താന്‍ കഴിയില്ലെന്നും അതിനെതിരെ ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും നിയാസ് അറിയിച്ചു. ശേഷാദ്രിനാഥന്റെ പ്രൊഫൈല്‍ പരിശോധിച്ചതാണെന്നും വിശ്വാസിയാകുന്നത് അപകടകരമായി കാണുന്നില്ലെന്നുമാണ് കെ എം ഷാജി പറഞ്ഞത്.
'വിശ്വാസികളെയും സംഘികളെയും തിരിച്ചറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും അറിയാം. നമ്മളെല്ലാവരും വിശ്വാസികളാണ്. പക്ഷെ നമ്മള്‍ സംഘികളാണോ? അദ്ദേഹത്തിന് ഇത് മനസിലായോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തെ പഠിപ്പിക്കേണ്ട ആളല്ല ഞാന്‍. എന്റെ പാര്‍ട്ടിയിലും മുഖ്യമന്ത്രിയോടും എഐസിസി ജനറല്‍ സെക്രട്ടറിയോടും വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍മാരോടുമാണ് ആവശ്യപ്പെട്ടത്': പി എം നിയാസ് പറഞ്ഞു.
ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് നേരത്തെ പറഞ്ഞിരുന്നു. താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് എസ്എഫ്ഐ നേതാവായിരുന്നു ശേഷാദ്രിനാഥെന്നും തീവ്രഹിന്ദു വിശ്വാസിയാണ് അദ്ദേഹമെന്നും പിഎം നിയാസ് പറഞ്ഞു. എന്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്നും എന്തായിരുന്നു പുലര്‍ത്തിയിരുന്നതെന്നും കഴിഞ്ഞ കാലങ്ങളിലെ അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പരിശോധിച്ചാല്‍ മനസിലാവുമെന്നും കെപിസിസി ഔദ്യോഗിക ഭാരവാഹിയെന്ന നിലയില്‍ പാര്‍ട്ടി അറിയാതെയോ അറിഞ്ഞോ തെറ്റിദ്ധരിപ്പിച്ചോ ഉണ്ടായ തെറ്റുകള്‍ തിരുത്താനാണ് ശ്രമിച്ചത് എന്ന് നിയാസ് പറഞ്ഞു.