ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ വിദ്യാരംഭവും നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും നടന്നു
ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഈ വർഷത്തെ വിജയദശമി-വിദ്യാരംഭ ചടങ്ങുകളും ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ ഭരണ കാര്യാലയത്തിന്റെയും വഴിപാട് കൗണ്ടറിന്റെയും ശിലാസ്ഥാപന കർമ്മവും പ്രൗഢഗംഭീരമായി നടന്നു. വിജയദശമി നാളിൽ നിരവധി കുരുന്നുകളും ഭക്തജനങ്ങളുമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്.
പെരുമ്പാവൂർ: ചേലാമറ്റം വല്ലം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഈ വർഷത്തെ വിജയദശമി-വിദ്യാരംഭ ചടങ്ങുകളും ക്ഷേത്ര വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ ഭരണ കാര്യാലയത്തിന്റെയും വഴിപാട് കൗണ്ടറിന്റെയും ശിലാസ്ഥാപന കർമ്മവും പ്രൗഢഗംഭീരമായി നടന്നു. വിജയദശമി നാളിൽ നിരവധി കുരുന്നുകളും ഭക്തജനങ്ങളുമാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയത്. രാവിലെ 8.30-ന് ആരംഭിച്ച പൂജയെടുപ്പ് ചടങ്ങുകൾക്ക് ശേഷം നിരവധി കുട്ടികൾ ഹരിശ്രീ കുറിച്ച് അക്ഷരലോകത്തേക്ക് കടന്നു. തുടർന്ന് നവരാത്രി മണ്ഡപത്തിൽ നടന്ന പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തി കൂവപ്പടി ചെറുകുട്ട മനയിൽ പി.എസ്. ജയദേവൻ പോറ്റി വാസ്തുപൂജകൾക്ക് കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ഗോപി വെള്ളിമറ്റം നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു.10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ നിർമ്മാണ പദ്ധതി പൂർത്തിയാക്കുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് ഗോപി വെള്ളിമറ്റം അറിയിച്ചു.
ക്ഷേത്രത്തിന്റെ സമഗ്രമായ വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ കാര്യാലയവും വഴിപാട് കൗണ്ടറും നിർമ്മിക്കുന്നത്. ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ കയറിയെത്തുമ്പോൾ തിരുമുറ്റത്തിന് വടക്കുകിഴക്ക് ഭാഗത്തായുള്ള സ്ഥലത്താണ് കെട്ടിട നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. വാസ്തുശാസ്ത്രപ്രകാരം സ്ഥപതിയിൽ നിന്നും നിർമ്മാണ അനുമതി ലഭ്യമായതിനെ തുടർന്നാണ് പദ്ധതി ആരംഭിച്ചത്. ആദ്യ സംഭാവനയായി ക്ഷേത്രം പ്രസിഡന്റ് നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്ക് സെക്രട്ടറി രഞ്ജിത്കുമാർ തോട്ടുങ്കൽ ഏറ്റുവാങ്ങി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്കുത്സവ കാലത്തോടെ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ക്ഷേത്രത്തിന്റെ ഭാവി വികസനത്തിനും ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ പങ്കുവഹിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ചടങ്ങിൽ ഭക്തജനങ്ങളും ഊരായ്മ കുടുംബങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.