'പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാടാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്' ആര്‍എസ്എസ് മുഖപത്രത്തില്‍ വിമര്‍ശനം
'പരസ്യമായി ഒട്ടി രഹസ്യമായി കുത്തുന്ന നിലപാടാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്' ആര്‍എസ്എസ് മുഖപത്രത്തില്‍ വിമര്‍ശനം
മതപരിവര്‍ത്തനമാണ് ഇരുകൂട്ടരും തമ്മില്‍ ഉണ്ടായ വിടവിന് കാരണം
'സഭകള്‍ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിലാണ് വിമര്‍ശനമുള്ളത്
ക്രൈസ്തവ സഭകള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം കേസരി. ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടാനും ബിജെപി നേതൃത്വത്തോട് പരസ്യമായി ഒട്ടുകയും പിന്നീട് രഹസ്യമായി കുത്തുകയും ചെയ്യുന്ന നിലപാടാണ് ക്രൈസ്തവ സഭകള്‍ക്ക് ഉള്ളതെന്ന് മുഖപത്രത്തില്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തില്‍ പറയുന്നു. മെത്രാന്മാരും സഭാ ഭാരവാഹികളും എന്നാണ് ബിജെപിയെ പിന്തുണച്ചിട്ടുള്ളത്. എല്ലാ കാലത്തും ബിജെപിക്കും സംഘപരിവാറിനും എതിരെ യുദ്ധം പ്രഖ്യാപിച്ചവരാണ് ഇപ്പോള്‍ രക്തസാക്ഷി പരിവേഷവുമായി എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിട്ടുള്ളത് എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്.
'സഭകള്‍ വിരട്ടുന്നത് ആരെ' എന്ന ലേഖനത്തിലാണ് വിമര്‍ശനമുള്ളത്. കേരളത്തിലെ ക്രൈസ്തവരോട് ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും എല്ലാ കാലത്തും സൗഹാര്‍ദ്ദപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ മതപരിവര്‍ത്തനമാണ് ഇരുകൂട്ടരും തമ്മില്‍ ഉണ്ടായ വിടവിന് കാരണം. കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും അതിനെ നയിക്കുന്നതും കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളും പുരോഹിതന്മാരുമാണ് എന്നും ലേഖനത്തില്‍ തുറന്നു വിമര്‍ശിക്കുന്നു.
ജഗതി ശ്രീകുമാര്‍ സിനിമയില്‍ ചോദിക്കുന്നത് പോലെയാണ് സഭകളും മെത്രാന്മാരും അലമുറയിടുന്നത് എന്നും ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഈ പ്രശ്നത്തിന്റെ പേരില്‍ വോട്ട് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ ഒരു കാര്യം ഓര്‍മിക്കണമെന്നും ദേശവിരുദ്ധ ശക്തികളുടെയോ ധര്‍മ്മ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെയോ വോട്ട് കൊണ്ടല്ല ബിജെപി വളര്‍ന്നതും ഭരണത്തില്‍ ഏറിയത് എന്നും ലേഖനത്തില്‍ പറയുന്നു. കോണ്‍ഗ്രസ് നേരത്തെ അറിയപ്പെട്ടിരുന്നത് കത്തോലിക്കാ കോണ്‍ഗ്രസ് എന്നും ക്രൈസ്തവ കോണ്‍ഗ്രസ് എന്നുമായിരുന്നു എന്നും പട്ടം മുതല്‍ മന്നം വരെ പറഞ്ഞത് മറക്കരുത് എന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചാല്‍ അതിനെ നേരിടാന്‍ ഹൈന്ദവ സമൂഹം തയ്യാറാകേണ്ടി വരുമെന്നും ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.