75 കാരനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍

ഇരട്ട സഹോദരങ്ങളില്‍ അഖിലായിരുന്നു പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു

 

പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്

ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇരട്ട സഹോദരങ്ങളില്‍ അഖിലായിരുന്നു പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.