മുഖ്യമന്ത്രിയുടെ അനുനയ നീക്കം പാളി; 'ആഴത്തിൽ മുറിവേറ്റു, നീതിനിഷേധം തുടരുമ്പോൾ ചർച്ചയ്ക്കില്ല' എന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ അനുനയ നീക്കം പരാജയപ്പെട്ടു. സഭയ്ക്ക് ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്നും, മുറിവുണങ്ങാതെയും നീതിനിഷേധം തുടരുമ്പോഴും ഇനിയൊരു അനുരഞ്ജന ചർച്ചയ്ക്കില്ലെന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഉച്ചയോടെ കോട്ടയം ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്.

 

കോട്ടയം: സഭാ തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ അനുനയ നീക്കം പരാജയപ്പെട്ടു. സഭയ്ക്ക് ആഴത്തിൽ മുറിവേറ്റിരിക്കുകയാണെന്നും, മുറിവുണങ്ങാതെയും നീതിനിഷേധം തുടരുമ്പോഴും ഇനിയൊരു അനുരഞ്ജന ചർച്ചയ്ക്കില്ലെന്നും സഭാ നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു. ഉച്ചയോടെ കോട്ടയം ദേവലോകം അരമനയിലെത്തി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്.

മണർകാട്, കോതമംഗലം ദേവാലയങ്ങളിൽ പാത്രിയാർക്കീസ് ബാവ പ്രവേശിച്ചത് ഗുരുതരമായ നിയമലംഘനമാണെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാദർ തോമസ് വർഗീസ് അമയിൽ പറഞ്ഞു. ഈ വിഷയത്തിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൽ മലങ്കര സഭയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്. നിയമോപദേശത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടോയെന്നും, മുന്നണിയിലെ ഘടകകക്ഷികളുടെ സ്വാധീനം അതിലുണ്ടോയെന്നും സഭയ്ക്ക് ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മണർകാട് വിഷയത്തിന് സമാനമായ സംഭവമാണ് കൂത്താട്ടുകുളം ആട്ടിൻകുന്നിലും ഉണ്ടായത്. ഇതിൽ മന്ത്രിസഭയിലെ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നത് സഭയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. സഭയുടെ ശക്തമായ പ്രതിഷേധവും സങ്കടവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നിയമനിഷേധം തുടരുന്ന സാഹചര്യത്തിൽ, പ്രശ്നം പരിഹരിക്കുന്നതുവരെ യാതൊരുവിധ അനുനയ നീക്കങ്ങളോടും സഹകരിക്കാൻ സഭയ്ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി.

പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം സർക്കാർ സ്പോൺസർ ചെയ്ത നിയമലംഘനമാണെന്ന് ഓർത്തഡോക്സ് സഭ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ആട്ടിൻകുന്ന് പള്ളിയിലെ തർക്കവും കൂടിയായതോടെ സർക്കാരും സഭയും തമ്മിലുള്ള അകൽച്ച രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഭാനേതൃത്വത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ദേവലോകം അരമനയിലെത്തിയത്.