അന്ന് പരാതി നല്‍കിയപ്പോള്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെ കുറിച്ച് വാചാലനാകുന്നു ; കാപട്യം ജനം തിരിച്ചറിയുമെന്ന് അരിത ബാബു
സോഷ്യല്‍ മീഡിയയില്‍ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാന്‍ കഴിയില്ലയെന്നും അവര്‍ കുറിച്ചു
സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്
കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് എംഎല്‍എയ്ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. എന്നാല്‍ തനിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സൈബറാക്രമണങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും അതില്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനായതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും അരിത ബാബു പറഞ്ഞു.
സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് അടിവരയിട്ട് പറയുന്നു. ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കാതെ, പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇന്ന് ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാന്‍ കഴിയില്ലയെന്നും അവര്‍ കുറിച്ചു. അന്ന് തനിക്ക് എതിരെ നടന്നത് എന്തായിരുന്നുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ തന്നെ ചായക്കടകള്‍ മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇരുണ്ട മൂലകളില്‍ വരെ ആക്ഷേപിച്ചവര്‍ ആരായിരുന്നുവെന്നും അരിത ബാബു പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്
സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്!
കായംകുളത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് എം.എല്‍.എയ്‌ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് ഞാന്‍ അടിവരയിട്ടു പറയുന്നു.
ബോധപൂര്‍വ്വം അപകര്‍ത്തിപ്പെടുത്തുവാന്‍ ആഗ്രഹിക്കാതെ പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണ്. പ്രസ്താവന നടത്തിയ വ്യക്തിയെ തള്ളിക്കൊണ്ടും, തെറ്റ് തിരുത്തി അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടും, ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ച അഡ്വ. എം. ലിജുവിന്റെ നടപടി ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
അന്ന് എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സ്ത്രീയില്‍ നിന്ന് പോലും എനിക്ക് ലഭിക്കാത്ത രാഷ്ട്രീയ മര്യാദയാണിത്.
എങ്കിലും, ഇന്ന് ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാന്‍ കഴിയില്ല. അന്ന് എനിക്ക് എതിരെ നടന്നത് എന്തായിരുന്നു? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ എന്നെ, ചായക്കടകള്‍ മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇരുണ്ട മൂലകളില്‍ വരെ ആക്ഷേപിച്ചവര്‍ ആരായിരുന്നു? പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റും ഉപജീവനം നടത്തുന്ന എന്റെ തൊഴിലിനെ പരിഹസിക്കാനാണ് അന്ന് സൈബര്‍ വെട്ടുകിളികള്‍ മത്സരിച്ചത്.
അന്ന് അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ എന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോള്‍ ഇന്ന് നിലവിളിക്കുന്നവര്‍ എവിടെയായിരുന്നു?
ആ കമന്റുകള്‍ ഇവിടെ സൂചിപ്പിക്കാന്‍ തന്നെ അറപ്പ് തോന്നുന്നവ ആയിരുന്നു എന്ന് നിങ്ങള്‍ക്ക് ബോധ്യമുള്ളതാണല്ലോ.
അന്ന് എനിക്ക് എതിരെ നടന്ന ഈ ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയ വ്യക്തിയാണ് ഞാന്‍. എന്നാല്‍ അന്ന് ആ പരാതിക്ക് മേല്‍ മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇന്ന് ഫേസ്ബുക്കില്‍ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നത്. അന്ന് എന്നെ വേട്ടയാടിയവര്‍ ഇന്ന് എം.എല്‍.എയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ അതിലെ കാപട്യം ജനം തിരിച്ചറിയണം.
എന്റെ നിലപാട് വ്യക്തമാണ്, കൃത്യവുമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നത് എനിക്ക് എതിരെ ആയാലും എം.എല്‍.എയ്ക്ക് എതിരെ ആയാലും അത് തെറ്റാണ്. അന്ന് എനിക്ക് എതിരെ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ചവരും മൗനം പാലിച്ചവരും ഇന്ന് കാണിക്കുന്ന ഈ 'സ്ത്രീപക്ഷ സംരക്ഷണം' ആത്മാര്‍ത്ഥമാണോ എന്ന് ജനം ചിന്തിക്കട്ടെ.
രാഷ്ട്രീയ പോരാട്ടങ്ങള്‍ ആശയങ്ങള്‍ കൊണ്ടും വികസനങ്ങള്‍ കൊണ്ടും ആകട്ടെ. മറിച്ച് വ്യക്തിഹത്യയിലൂടെയും സ്ത്രീവിരുദ്ധതയിലൂടെയും ആകരുത്. ഇരയാക്കപ്പെടുന്നവരുടെ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന ഈ രീതി മാറണം. നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുന്ന, അന്തസ്സുള്ള രാഷ്ട്രീയ സംസ്‌കാരമാണ്.