അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി സ്ഥാനം ഒഴിയണം ; പി എം എ സലാം

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല
 

പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. കുറ്റാരോപിതരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം.

ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തല്‍ കേരള ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യമെന്നും പി എം എ സലാം പറഞ്ഞു.

സ്വര്‍ണക്കടത്ത് മുതല്‍ ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാര്‍ത്ഥ പ്രതിയെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞതാണ്. അന്‍വറിന്റെ പ്രതികരണം അതെല്ലാം ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.