മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണം ; പി കെ ഫിറോസ്
ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറത്തെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുസ്ലിം യൂത്ത് ലീ?ഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ്. ആര്‍എസ്സിന്റെ ആക്റ്റീവ് പാര്‍ട്ണര്‍ ആയി സിപിഐഎം മാറി. ആര്‍എസ്എസ്സിനെതിരായ കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഒതുക്കി തീര്‍ക്കുകയാണ്. ആര്‍എസ്എസ്സുകാര്‍ പ്രതിയാകുന്ന കേസുകളില്‍ പൊലീസിന് നിരന്തരം വീഴ്ച സംഭവിക്കുന്നുണ്ട്. മലപ്പുറം പ്രസ്താവന മുഖ്യമന്ത്രിയുടെ ആര്‍എസ്എസ് അനുകൂല താല്പര്യം വ്യക്തമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറയാത്ത വാക്കുകള്‍ രാജ്യത്തെ പ്രധാന പത്രം അച്ചടിക്കുമെന്ന് കരുതുന്നില്ലെന്നും ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ട് ഒക്ടോബര്‍ 8ന് യുഡിവൈഎഫ് നിയമസഭ മാര്‍ച്ച് നടത്തും.
കെ എം ഷാജിയുടെ പരിപാടി വിലക്കിയ സംഭവം കാഫിര്‍ പോസ്റ്റര്‍ പോലെ നടത്തിയ നീക്കമാണ്. ഇറക്കാത്ത പോസ്റ്ററിന്റെ പേരില്‍ ചര്‍ച്ചയുണ്ടാക്കി. പിന്നീട് പാര്‍ട്ടി ഇടപെട്ട് പരിപാടി മാറ്റിവെച്ചെന്ന് പ്രചരിപ്പിച്ചു. നിലവിലെ ചര്‍ച്ചകള്‍ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടത്തിയത്. മുസ്ലിം ലീഗില്‍ നക്സസ് വിവാദമുണ്ടെന്ന പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ നടത്താനിരുന്ന കെ എം ഷാജിയുടെ പരിപാടി നേതൃത്വം ഇടപെട്ട് മുടക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായെന്നാണ് നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ ഉയരുന്ന വിമര്‍ശനം. ഇതിനോടാണ് ഫിറോസിന്റെ പ്രതികരണം.
8 വര്‍ഷം കടന്നല്‍ രാജയായി ആഘോഷിച്ചയാളെയാണ് വര്‍ഗീയ ചാപ്പ കുത്തിയതെന്ന് അന്‍വറിനെതിരായ ഇടത് നിലപാടില്‍ ഫിറോസ് പറഞ്ഞു. എതിര്‍ത്ത് സംസാരിച്ചപ്പോള്‍ അന്‍വറിനെ വര്‍ഗീയവാദിയാക്കിയെന്നും ഫിറോസ് കുറ്റപ്പെടുത്തി