മുഖ്യമന്ത്രിക്ക് ഗവര്‍ണറെ ഭയം, എതിര്‍ക്കാന്‍ പേടിച്ച് ദയനീയമായ കീഴടങ്ങല്‍'; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് പിണറായി വിജയന്‍
ഗുരുതര ഭരണഘടനാ ലംഘനം മുഖ്യമന്ത്രി അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്നാണ് പറയുന്നത്
ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരില്‍ ഗവര്‍ണ്ണര്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര യോഗം വിളിച്ചതില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഗുരുതര ഭരണഘടനാ ലംഘനം മുഖ്യമന്ത്രി അറിഞ്ഞത് മാധ്യമ വാര്‍ത്തകളിലൂടെയാണെന്നാണ് പറയുന്നത്. ഭരണം യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നത് എങ്ങനെയാണ്. ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
പോസ്റ്റിങ്ങനെ
ഗവര്‍ണര്‍ നേരിട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഞാന്‍ ഉന്നയിച്ചിരുന്നല്ലോ? എന്നാല്‍ അതിനുശേഷം അതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം ഒരു വാര്‍ത്താക്കുറിപ്പായി വൈകീട്ട് കാണുകയുണ്ടായി.
?ഇത്രയും ഗൗരവതരമായ ഒരു വിഷയം മുഖ്യമന്ത്രി അറിയുന്നത് പത്രവാര്‍ത്തകളിലൂടെയാണത്രെ! എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെ അറിയിക്കുകപോലും ചെയ്യാതെ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയോ? ഭരണം യഥാര്‍ത്ഥത്തില്‍ ആരാണ് നിയന്ത്രിക്കുന്നത്? ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഗവര്‍ണറുടെ കടമ മന്ത്രിസഭയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ്. അല്ലാത്ത ഏത് നടപടിയും ഭരണഘടനാ ലംഘനമാണ്.
?ഇത്രയും ഗൗരവമുള്ള ഒരു വിഷയത്തില്‍ പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. പകരം വിഷയം ലഘൂകരിച്ച് ഓഫീസ് പത്രക്കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തത്. ഗവര്‍ണര്‍ക്ക് ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചു എന്നാണ് പറയുന്നത്. ആ കത്ത് പുറത്തുവിട്ടിട്ടുമില്ല. ഗവര്‍ണര്‍ക്കെതിരായതുകൊണ്ടാണോ മുഖ്യമന്ത്രി നേരിട്ട് കത്തയക്കാതിരുന്നത്? പ്രതിപക്ഷം ഉന്നയിച്ചില്ലെങ്കില്‍ ഈ ദുര്‍ബലമായ പ്രതികരണം പോലും ഉണ്ടാകുമായിരുന്നോ?
?എല്‍.ഡി.എഫ്. ഭരണകാലത്ത്, ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്ത നടപടികള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നേരിട്ടാണ് ഗവര്‍ണര്‍ക്ക് കത്തയച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നത്. ഇന്നത്തെ മുഖ്യമന്ത്രിക്ക് ഗവര്‍ണറെയും ഗവര്‍ണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളെയും എതിര്‍ക്കാന്‍ ഭയമുള്ളതുകൊണ്ടാണോ മൗനം പാലിക്കുന്നത്?
ചീഫ് സെക്രട്ടറിയെക്കൊണ്ട് കത്ത് അയപ്പിച്ചത് താന്‍ സംഘര്‍ഷത്തിനില്ല എന്ന നിലപാട് ആവര്‍ത്തിക്കലാണ്. ഉദ്യോഗസ്ഥരല്ല, രാഷ്ട്രീയ നേതൃത്വമാണ് ഇത്തരം വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത്. സംസ്ഥാനത്തിന്റെ ഫെഡറല്‍ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ഭരണഘടനാപരമാണ്. അത് സംരക്ഷിക്കപ്പെടേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ്. പ്രതിഷേധിക്കാന്‍ പോലുമാവാതെ ദയനീയമായ കീഴടങ്ങലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ നിന്ന് തെളിയുന്നത്.