ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസ് ; പ്രതിയുമായി ഇന്ന് തെളിവെടുപ്പ്

പ്രതിയെ ആലുവ മുട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
 

ഓടുന്ന ബസില്‍ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിക്കും. കളമശ്ശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് തെളിവെടുപ്പിന് എത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് എറണാകുളം കളമശ്ശേരിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറായ ഇടുക്കി സ്വദേശി അനീഷിനെ കുത്തികൊലപ്പെടുത്തിയത്.

പ്രതിയെ പിന്നീട് ആലുവ മുട്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കളമശ്ശേരി എച്ച്എംടി ജംഗ്ഷനില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അരുംകൊല. ഓടിക്കൊണ്ടിരുന്ന ബസ് യാത്രക്കാരെ ഇറക്കി തിരിച്ച് പോകുമ്പോഴാണ് പ്രതി ഓടിക്കയറിയത്.

അനീഷിന്റെ കഴുത്തിലും നെഞ്ചിലും ആഴത്തില്‍ കത്തി കൊണ്ട് കുത്തിയ പ്രതി എച്ച്എംടി ജംഗ്ഷനില്‍ നിന്ന് മൂലേപ്പാടം നഗര്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. കത്തിയുമായി പ്രതി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആലുവ മുട്ടത്ത് നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.