സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് എത്തിച്ച അരിയിലെ ക്രമക്കേട്: കേസ് വിജിലന്‍സിന് കൈമാറിയേക്കും

ഒറ്റപ്പാലത്ത് സപ്ലൈകോയില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് എത്തിച്ച അരിയില്‍ ക്രമക്കേട് നടത്തിയെന്ന കേസ് വിജിലന്‍സിന് കൈമാറിയേക്കും. ഡിപ്പോയിലെ സീനിയര്‍ അസി. എസ്. പ്രമോദിനെ പ്രതി ചേര്‍ത്ത് ഒറ്റപ്പാലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് വിജിലന്‍സിനു കൈമാറുന്നത്.
 

പാലക്കാട്: ഒറ്റപ്പാലത്ത് സപ്ലൈകോയില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് എത്തിച്ച അരിയില്‍ ക്രമക്കേട് നടത്തിയെന്ന കേസ് വിജിലന്‍സിന് കൈമാറിയേക്കും. ഡിപ്പോയിലെ സീനിയര്‍ അസി. എസ്. പ്രമോദിനെ പ്രതി ചേര്‍ത്ത് ഒറ്റപ്പാലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് വിജിലന്‍സിനു കൈമാറുന്നത്. അഴിമതി ആരോപിക്കപ്പെട്ട കേസായതിനാലാണു തുടര്‍നടപടികള്‍ വിജിലന്‍സിനു കൈമാറാന്‍ ആലോചനയെന്നു പോലീസ് അറിയിച്ചു. 

വിശ്വാസ ലംഘനത്തിനു പുറമേ, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജീവനക്കാരനെതിരെ  കേസെടുത്തിരുന്നത്. 2023 ജൂണ്‍ 22ന് എഫ്.സി.ഐയില്‍ നിന്നിറക്കിയ ഒരു ലോഡ് അരിയില്‍ തിരിമറി നടന്നെന്നാണു പരാതി. ലോറിയില്‍ ഗോഡൗണിലെത്തിയ 246 ചാക്ക് അരിക്കാണ് കണക്കില്ലാതായത്. രേഖകള്‍ വിശദമായി പരിശോധനക്കു വിധേയമാക്കിയ വകുപ്പുതല അന്വേഷണത്തില്‍ സപ്ലൈകോക്ക് 5.64 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നായിരുന്നു കണ്ടെത്തല്‍. 

പിന്നാലെ സ്റ്റോക്ക് കൈകാര്യം ചെയ്തിരുന്ന സീനിയര്‍ അസി. എസ്. പ്രമോദിനെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തിരുന്നു. പിന്നീടാണു നിലവിലെ ഡിപ്പോ മാനേജര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. സീനിയര്‍ അസിസ്റ്റന്റായിരുന്ന എസ്. പ്രമോദാണ് ഈ സമയത്ത് സ്റ്റോക്ക് കൈകാര്യം ചെയ്തിരുന്നത്. തുടര്‍ന്ന് ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.