ആ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം; പക്ഷേ,ഷാജി പകര്‍ത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും: സുരേഷ് ഗോപി
ആ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം; പക്ഷേ,ഷാജി പകര്‍ത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും: സുരേഷ് ഗോപി
ഒരു മികച്ച ഛായാഗ്രാഹകന്‍ എന്നതിലുപരി സിനിമയെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കിയ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ചു.
ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട സഹപ്രവര്ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
പ്രശസ്ത ഛായാഗ്രാഹകന്‍ ഷാജി കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പിലൂടെയാണ് സുരേഷ് ഗോപി തന്റെ പ്രിയപ്പെട്ട സഹപ്രവര്ത്തകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
ഷാജി ഇനിയില്ല എന്ന യാഥാര്‍ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, ഒരു മികച്ച ഛായാഗ്രാഹകന്‍ എന്നതിലുപരി സിനിമയെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കിയ അപൂര്‍വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ചു.
'സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നാളുകളിലെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ഷാജി പകര്‍ത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു.' സുരേഷ് ഗോപി കുറിച്ചു.
തങ്ങളുടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പനെക്കുറിച്ചും സുരേഷ് ഗോപി കുറിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചു. ഒറ്റക്കൊമ്പനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നില്‍ക്കുന്നത് ഷാജിയുടെ ദൃശ്യസങ്കല്പ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാര്‍ത്ഥതയും സ്വപ്നവുമുണ്ട്, എന്ന് അദ്ദേഹം കുറിച്ചു.