36 മണിക്കൂറിലേറെ മൃതദേഹം ശുചിമുറിയിലുണ്ടായിരുന്നു ; തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വാദം പൊളിയുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

36 മണിക്കൂറിനു മുകളില്‍ ശുചിമുറിയില്‍ മൃതദേഹം ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാകുന്നത്

 

മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയില്‍ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കല്‍ കോളേജിന്റെ വാദം.

തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന്‍ വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തിവന്നപ്പോള്‍ മരണം നടന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെ ഉള്ള സമയത്തിനിടയിലാണെന്ന് കണ്ടെത്തി. 

മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയില്‍ എത്തിയിരുന്നു എന്നായിരുന്നു മെഡിക്കല്‍ കോളേജിന്റെ വാദം. 36 മണിക്കൂറിനു മുകളില്‍ ശുചിമുറിയില്‍ മൃതദേഹം ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാകുന്നത്. ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന്‍ വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.