'മൂന്ന് മാസം മുമ്പ് അപേക്ഷ സമർപ്പിച്ചിക്കണം'; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി (ശൂന്യവേതനാവധി) സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.കെ.എസ്.ആർ (KSR) ഭാഗം 1, അനുബന്ധം XII A, XII C എന്നിവ പ്രകാരം വിദേശത്തോ സ്വദേശത്തോ ജോലി ആവശ്യങ്ങള്‍ക്കോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ജീവനക്കാരൻ മൂന്ന് മാസം മുമ്പ് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥരുടെ കാലതാമസം കാരണം അവധിയില്‍ തീരുമാനമാകാതെ വരികയും, ജീവനക്കാരൻ അവധിയില്‍ പ്രവേശിക്കുകയും ചെയ്താല്‍ നടപടി ഉണ്ടാകും.
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളമില്ലാത്ത അവധി (ശൂന്യവേതനാവധി) സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.കെ.എസ്.ആർ (KSR) ഭാഗം 1, അനുബന്ധം XII A, XII C എന്നിവ പ്രകാരം വിദേശത്തോ സ്വദേശത്തോ ജോലി ആവശ്യങ്ങള്‍ക്കോ അല്ലാതെയോ സമർപ്പിക്കുന്ന അപേക്ഷകളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ശൂന്യവേതനാവധി അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ അപേക്ഷകള്‍ സമർപ്പിക്കുന്നത് സംബന്ധിച്ചും അപേക്ഷകളിന്മേല്‍ തുടർനടപടി സ്വീകരിക്കുന്നതും സംബന്ധിച്ച് മുമ്പ് നിർദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, അവധി അപേക്ഷ മുൻകൂറായി സമർപ്പിച്ചിട്ടും തീരുമാനമെടുക്കുന്നതിലുണ്ടാകുന്ന ഭരണപരമായ കാലതാമസം കാരണം ഉദ്യോഗസ്ഥർ അച്ചടക്കനടപടി നേരിടേണ്ടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഇതിനെതുടർന്നാണ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സമയക്രമം സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.അവധി എടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാരൻ അവധി ആരംഭിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പ് അപേക്ഷ സമർപ്പിച്ചിക്കേണ്ടതാണ്. കെ.എസ്.ആർ ഫോം നമ്പർ 13-ല്‍ പൂരിപ്പിച്ച അപേക്ഷകള്‍ നിയന്ത്രണാധികാരിക്കോ ഓഫീസ് തലവനോ ആണ് നല്‍കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷ നല്‍കാത്തവർക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
അവധി നിരസിക്കപ്പെട്ടാല്‍, മറുപടി ലഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വകുപ്പദ്ധ്യക്ഷന് അപ്പീല്‍ സമർപ്പിക്കുക. ഇത്തരത്തില്‍ അപ്പീല്‍ ലഭിച്ച് രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്ത് ജീവനക്കാരനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
അപേക്ഷകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ വിവിധ തലങ്ങളില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അപേക്ഷ ലഭിച്ച് ഒരു ആഴ്ചയ്ക്കുള്ളില്‍ ഓഫീസ് തലവൻ അത് പരിശോധിച്ച് ശിപാർശ സഹിതം മേലുദ്യോഗസ്ഥന് അയയ്ക്കണം.
ശേഷം മേലുദ്യോഗസ്ഥൻ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ശിപാർശ രേഖപ്പെടുത്തി വകുപ്പ് തലവന് സമർപ്പിക്കണം. തുടർന്ന് വകുപ്പ് അദ്ധ്യക്ഷൻ അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം നടപടികള്‍ പൂർത്തിയാക്കണം. അവധി അനുവദിക്കുകയോ നിരസിക്കുകയോ ആണെങ്കില്‍ ആ വിവരം കൃത്യസമയത്ത് അപേക്ഷകനെ അറിയിച്ചിരിക്കണം.
ജീവനക്കാരൻ മൂന്ന് മാസം മുമ്പ് അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥരുടെ കാലതാമസം കാരണം അവധിയില്‍ തീരുമാനമാകാതെ വരികയും, ജീവനക്കാരൻ അവധിയില്‍ പ്രവേശിക്കുകയും ചെയ്താല്‍ നടപടി ഉണ്ടാകും.
ഇത്തരം സാഹചര്യങ്ങളില്‍ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് വകുപ്പ് അദ്ധ്യക്ഷൻ വിശദീകരണം തേടി സർക്കാരിന് നല്‍കണം. കൃത്യമായ അനുമതിയില്ലാതെ അവധിയില്‍ പ്രവേശിക്കുന്നവർക്കെതിരെ കെ.എസ്.ആർ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.