ബാറിലെത്തുന്ന 23 വയസായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം ; നിര്‍ദേശത്തില്‍ വ്യക്തത വരുത്തി മന്ത്രി എം ലിജു

മാധ്യമങ്ങള്‍ തന്റെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

കുട്ടിയാണെന്ന് തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉറപ്പായും പരിശോധിക്കണം.

സംസ്ഥാനത്തെ ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശത്തില്‍ വ്യക്തത വരുത്തി എക്‌സൈസ് മന്ത്രി എം ലിജു. എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കണം എന്നതല്ല നിര്‍ദ്ദേശമെന്നും 23 വയസായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാറാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. 

കുട്ടിയാണെന്ന് തോന്നിയാല്‍ ആധാര്‍ കാര്‍ഡ് ഉറപ്പായും പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നല്‍കാവു. മാധ്യമങ്ങള്‍ തന്റെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും എക്‌സൈസ് മന്ത്രി കൂട്ടിച്ചേര്‍ത്തു. 23 വയസ്സ് ആണ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കര്‍ശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തിലടക്കം കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് നയം നവംബറില്‍ നിലവില്‍ വരും. ഹൈക്കോടതിയിലും ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം ആയിരിക്കില്ല യു ഡി എഫിന്റേതൊന്നും എം ലിജു വ്യക്തമാക്കിയിട്ടുണ്ട്.