തരൂരിന് ചോറ് ഇവിടേയും കൂറ് അവിടേയുമാണ് ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
എന്തൊരു അപരാദമാണ് തരൂര്‍ ചെയ്യുന്നത്. ഇയാളെ വെച്ച് വാഴിക്കരുത്.
എന്താണ് ഈ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്.
കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ഒരു മനുഷ്യന് ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോള്‍ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്. അദ്ദേഹത്തിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
അദ്ദേഹത്തിന് വേണമെങ്കില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേര്‍ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ. അദ്ദേഹത്തിന് ബിജെപിയിലേക്ക് പോകാം, എന്നാല്‍
ബിജെപിയില്‍ ചേരുന്നെങ്കില്‍ അത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാല്‍ ഈ ജന്മം അത് നടക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ മനസിലിരുപ്പ് കോണ്‍ഗ്രസ് ചെയ്യാന്‍ പോകുന്നില്ല. ഒരു രക്തസാക്ഷിപരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങള്‍ കൊടുക്കില്ല.
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിക്കുന്ന നരേന്ദ്രമോദിയെ അനുകൂലിച്ച് തരൂര്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ കേരളത്തിലെ മതേതരവാദികളുടെ മനസ് വേദനിക്കും. എന്തൊരു അപരാദമാണ് തരൂര്‍ ചെയ്യുന്നത്. ഇയാളെ വെച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാല്‍ മുറിച്ചുതന്നെ മാറ്റണം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എന്തെങ്കിലും തീരുമാനമെടുത്ത് തരൂര്‍ ബിജെപിയിലേക്ക് പോയാല്‍ അദ്ദേഹത്തിനൊപ്പം ഒരാളും പോകില്ല. ഭാര്യയായ സുനന്ദ പുഷ്‌കര്‍ ജീവിച്ചിരുന്നെങ്കില്‍ അവര്‍ പോലും അദ്ദേഹത്തിനൊപ്പം ബിജെപിയിലേക്ക് പോകില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
തരൂരിനെതിരെ നടപടി വേണമെന്ന് താന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്. നടപടിയെടുക്കേണ്ടത് താനെങ്കില്‍ നാളെതന്നെ എടുത്തിരിക്കും. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെങ്കില്‍ ചുമ്മാതെറിച്ചു പോകട്ടെ എന്നതാണ് തന്റെ പോളിസിയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു