പരാതി പറഞ്ഞിട്ടും പോലിസിന്റെ നിസ്സം​ഗത ഭാവം ; തളിപ്പറമ്പ് മോറാഴയിൽ സ്കൂൾ പരിസരത്ത് ദൂരൂഹ സാഹചര്യത്തിൽ കറങ്ങി നടന്ന ഥാർ ജീപ്പ് പിടികൂടി പൊലിസിൽ ഏൽപ്പിച്ച് നാട്ടുകാരും സ്കൂൾ അധികൃതരും

ദിവസങ്ങളായി മോറാഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത്  സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ താർ ജീപ്പ് നാട്ടുകാരും സ്കൂൾ അധികൃതരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

 

എന്നാൽ പോലിസിന്റെ ഭാ​ഗത്ത് നിന്നും നിസ്സം​ഗത മനോഭാവമായിരുന്നെന്നാണ് രക്ഷിതാക്കളുടെയും  നാട്ടുകാരുടെയും ആരോപണം.

മോറാഴ : ദിവസങ്ങളായി മോറാഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത്  സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ഥാർജീപ്പ് നാട്ടുകാരും സ്കൂൾ അധികൃതരും പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കണ്ണൂർ വേളാപുരം സ്വദേശിയുടെ വാഹനമാണ് സ്കൂൾ പരിസരത്ത് പിടികൂടിയത്.

കുറച്ച് ദിവസങ്ങളായി  വൈകുന്നേരങ്ങളിൽ വാഹനം സ്കൂൾ പരിസരത്ത് കേന്ദ്രീകരിക്കുന്നത് വിദ്യാർത്ഥികളാണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നായിരുന്നു നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ഇടപെടൽ ഉണ്ടായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനാണ് വാഹനവുമായി സ്കൂൾ പരിസരത്ത് എത്തിയതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞത് . പൊലീസിന്റെ അന്വേഷണത്തിൽ വാഹനം ഓടിച്ച ആളുടെ രക്ഷിതാവിന്റെ പേരിലുള്ളതാണ് വാഹനം. പ്രവൃത്തി സമയത്തിന് മുമ്പും ശേഷവും നിരവധി വാഹനങ്ങൾ സ്കൂൾ പരിസരത്ത് എത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

മുൻപും ഇത്തരത്തിൽ  സ്കൂൾ പരിസരത്ത്  വാഹനങ്ങൾ കണ്ടപ്പോൾ പോലിസിൽ അറിയിച്ചിരുന്നു.എന്നാൽ പോലിസിന്റെ ഭാ​ഗത്ത് നിന്നും നിസ്സം​ഗത മനോഭാവമായിരുന്നെന്നാണ് രക്ഷിതാക്കളുടെയും  നാട്ടുകാരുടെയും ആരോപണം. ഇത്തരം വാഹനങ്ങളെ പിടികൂടുന്നതിനായി പ്രദേശത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരുടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.സംശയാസ്പദമായ രീതിയിൽ കാണുന്ന വാഹനങ്ങളെ പിടികൂടി കടുത്ത നടപടി സ്വീകരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.ഇതിനായി പിടിഎയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജാഗ്രത സമിതി സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്.