മാത്യു കുഴല്‍നാടന്‍ എംഎല്‍എയോടുള്ള നന്ദി വാക്കുകള്‍ക്ക് അപ്പുറമാണ് ; വീണാ എസ് നായര്‍ 

 

തന്നെ കുടുക്കാന്‍ ശ്രമിച്ച വ്യക്തിക്ക് തന്നെ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വന്നത് ദൈവനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

'തെറ്റുകള്‍ കണ്ടാല്‍ അത് ഇനിയും വിമര്‍ശിക്കും. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുമെന്ന് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍. ആറ് വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ പി ആര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് വീണ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇതിനെതിരെ ലഭിച്ച പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് വീണയ്ക്കെതിരെ കേസെടുത്തത്. ലോക്ഡൗണ്‍ കാലത്ത് തന്നെ എറണാകുളത്ത് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.അന്ന് പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്ന വീണ, നിലവിലെ മൂവാറ്റുപുഴ എംഎല്‍എയും പ്രൊഫഷണല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ മാത്യു കുഴല്‍നാടന്റെ സഹായം തേടി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതിയില്‍ കേസ് ക്വാഷ് ചെയ്യുന്നതിനായി ഹര്‍ജി നല്‍കി. നീണ്ട ആറ് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് ഇപ്പോള്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് വീണ പറഞ്ഞു.

'തെറ്റുകള്‍ കണ്ടാല്‍ അത് ഇനിയും വിമര്‍ശിക്കും. മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. മാത്യു കുഴല്‍നാടന്‍ എംഎല്‍എയോടുള്ള നന്ദി വാക്കുകള്‍ക്ക് അപ്പുറമാണ്' വീണാ എസ് നായര്‍ പറഞ്ഞു. തന്റെ പോസ്റ്റിന് താഴെ രണ്ട് മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ അഴിയെണ്ണിക്കും എന്ന് ഭീഷണി മുഴക്കിയ വ്യക്തിക്ക് കാലം മറുപടി നല്‍കിയെന്നും വീണ തന്റെ കുറിപ്പില്‍ പരിഹസിച്ചു. തന്നെ കുടുക്കാന്‍ ശ്രമിച്ച വ്യക്തിക്ക് തന്നെ പിന്നീട് നിയമനടപടികള്‍ നേരിടേണ്ടി വന്നത് ദൈവനീതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.