മുൻ തളിപ്പറമ്പ് മണ്ഡലം എം.എൽ.എ സി.കെ പി പത്മനാഭനെ സി.പി.എം മാടായി ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി

കണ്ണൂര്‍ :സിപിഎം മാടായി ഏരിയ കമ്മിറ്റിയില്‍നിന്നു മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭനെ ഒഴിവാക്കി. ഞായറാഴ്ച്ച സമാപിച്ച ഏരിയ സമ്മേളനത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലില്‍ സി.കെ.പിയെ ഉള്‍പ്പെടുത്താതെ 21 അംഗ കമ്മിറ്റിയുടെ ലിസ്റ്റ് സമ്മേളനം അംഗീകരിക്കുകയായിരുന്നു.
 

കണ്ണൂര്‍ :സിപിഎം മാടായി ഏരിയ കമ്മിറ്റിയില്‍നിന്നു മുന്‍ എംഎല്‍എ സി.കെ.പി.പത്മനാഭനെ ഒഴിവാക്കി. ഞായറാഴ്ച്ച സമാപിച്ച ഏരിയ സമ്മേളനത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലില്‍ സി.കെ.പിയെ ഉള്‍പ്പെടുത്താതെ 21 അംഗ കമ്മിറ്റിയുടെ ലിസ്റ്റ് സമ്മേളനം അംഗീകരിക്കുകയായിരുന്നു.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും മാസങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

അസുഖമില്ലാത്ത തന്നെ രോഗിയാക്കിയെന്നും സികെപി ആക്ഷേപം ഉന്നയിച്ചിരുന്നു. സിപിഎം സംസ്ഥാനസമിതി അംഗവും കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.കെ.പിയെ 2011 സെപ്റ്റംബര്‍ 18നാണ് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും പാര്‍ട്ടി നീക്കിയത്.

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ട് കൈകാര്യം ചെയ്തതില്‍ വീഴ്ചവരുത്തിയെന്നു പറഞ്ഞായിരുന്നു അന്ന് നടപടി എടുത്തത്.
 ഓഫിസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

പാര്‍ട്ടി തന്റെ വാദം കേട്ടില്ലെന്നും കള്ളനെന്നു വരുത്തിത്തീര്‍ത്ത് വിഭാഗീയതയുടെ ഇരയാക്കിയെന്നുമുള്ള പരാതിയാണ് സി.കെ.പിക്കുള്ളത്. അതിന്റെ മാനസികസംഘര്‍ഷത്തിലാണുതാന്‍ രോഗിയായതെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ പെരുമാറ്റദൂഷ്യത്തിനു പരാതി നല്‍കിയതിന്റെ പ്രതികാരമായാണു നടപടിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിണറായി വിജയന്റെ അടുപ്പക്കാരനായ ശശിക്കെതിരെ പരാതി ഉന്നയിച്ചതിന് വിഎസ് പക്ഷക്കാരനായ സി.കെ.പിയോട് നേതൃത്വം പകരംവീട്ടിയെന്നാണ് ആരോപണം.

പിന്നീട് അദ്ദേഹത്തെ മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. അതിനുശേഷം പലതവണ ജില്ലാ സമ്മേളന പ്രതിനിധിയായെങ്കിലും ജില്ലാ കമ്മിറ്റിയില്‍പോലും ഉള്‍പ്പെടുത്തിയില്ല. 2006-2011ല്‍ തളിപ്പറമ്പ് എംഎല്‍എയായിരുന്ന അദ്ദേഹത്തിന് പിന്നീടു മത്സരിക്കാനും അവസരം നല്‍കിയില്ല.

സി.കെ.പിയുടെ പരാതിയില്‍ അന്ന് പാര്‍ട്ടി പുറത്താക്കിയെങ്കിലും പി.ശശി പിന്നീട് സംസ്ഥാനസമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി തിരിച്ചു വന്നു. ഏരിയാ സെക്രട്ടറിയായി വി വിനോദിനെ സമ്മേളനം തിരഞ്ഞെടുത്തു.