നാട്ടിൽ താൽക്കാലിക സർക്കാർ ജോലി നേടാം; ഈ ആഴ്ച്ചയിലെ ഒഴിവുകൾ

ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ ഒഴിവുള്ള ഒരു സിവിൽ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ അതിന് മുകളിലോ സേവനമനുഷ്ഠിച്ച് വിരമിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ഇ/ ബി.ടെക് ബിരുദമാണ് യോഗ്യത. പ്രായം 65 കവിയരുത്.
 


1. ക്ലീൻ കേരള കമ്പനി

ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന ഓഫീസിൽ ഒഴിവുള്ള ഒരു സിവിൽ എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ അതിന് മുകളിലോ സേവനമനുഷ്ഠിച്ച് വിരമിച്ചവർക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ഇ/ ബി.ടെക് ബിരുദമാണ് യോഗ്യത. പ്രായം 65 കവിയരുത്. നിർദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷകൾ ജനുവരി 15 നകം മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2724600, വെബ്‍സൈറ്റ്: www.cleankeralacompany.com. 

2. ലാബ് ടെക്നീഷ്യൻ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്. പ്ലസ്ടു (സയൻസ്), സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്‍സി എം.എൽ.ടി/ ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അംഗീകൃത സർക്കാർ/ സ്വകാര്യ സ്ഥാപനത്തിൽ നിന്നും അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യുവിൽ പങ്കെടുക്കണം.

3. കരാർ നിയമനം

സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫീൽഡ് റെസ്‌പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മലയാളം / ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ പ്രാവീണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ്, വിഷയത്തിലുള്ള നൈപുണ്യം എന്നിവ അഭികാമ്യം. സാമൂഹ്യ സേവന മേഖലകളിലോ/ മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവർത്തി പരിചയം, മറ്റ് രേഖകൾ എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം.

4. സ്വീപ്പർ 

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ താൽക്കാലിക തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായതും 40 മുതൽ 60 വയസ് വരെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് കോളേജിൽ നേരിട്ട് ഹാജരാകണം.