ഫിഷറീസ് വകുപ്പിൽ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശംവഴി പിരിച്ചുവിട്ടു
സാമ്പത്തിക പ്രതിസന്ധി കാരണം ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടു. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.
കൊല്ലം: സാമ്പത്തിക പ്രതിസന്ധി കാരണം ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടു. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്.
ഫീൽഡിൽ ജോലിയിലിരിക്കെ, താത്കാലിക ജീവനക്കാർക്ക് വാട്‌സാപ്പ് ഗ്രൂപ്പ് വഴി ജില്ലാ ഓഫീസർമാരായ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പിരിച്ചുവിടൽ സന്ദേശം ലഭിക്കുകയായിരുന്നു. പ്രോജക്ട് കോഡിനേറ്റർമാർക്ക് അഞ്ചുമാസത്തെയും അക്വാകൾച്ചർ പ്രമോട്ടർമാർക്ക് നാലുമാസത്തെയും ശമ്പളം നൽകാനുള്ളപ്പോഴാണ് പിരിച്ചുവിട്ടത്. ഭരണാനുകൂല സംഘടനകളടക്കം പ്രതിഷേധമുയർത്തിയതോടെ ‘മുൻപ് നൽകിയ നിർദേശം തത്കാലം മരവിപ്പിക്കുന്നു’ എന്നൊരു സന്ദേശം വന്നു.
‘നിലവിലെ സാമ്പത്തിക പ്രതിസന്ധികാരണം ജനകീയ മത്സ്യക്കൃഷി പദ്ധതിക്ക് അംഗീകാരം ലഭ്യമാകാത്ത സാഹചര്യത്തിൽ ജോലിയിൽനിന്ന് 25 മുതൽ താത്കാലികമായി വിടുതൽ നൽകുന്നതിന് നിർദേശിക്കുന്നു’ എന്ന സന്ദേശം ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയായിരുന്നു. കരാർ കാലാവധി അവസാനിക്കുന്നതിനുമുൻപ് അഭിമുഖം നടത്തി ഒരുമാസത്തിനുള്ളിൽ പുനർ നിയമനം നടത്തുന്ന രീതിയായിരുന്നു ഇതുവരെ. ഇങ്ങനെ പത്തും പന്ത്രണ്ടും വർഷമായി ജോലിയിൽ തുടരുന്നവർ വരെയുണ്ട്.
പ്രോജക്ട് കോഡിനേറ്റർമാർക്ക് മാസം 30,000 രൂപയും പ്രമോട്ടർമാർക്ക് ദിവസം 675 രൂപ വീതവുമാണ് വേതനം. പ്രമോട്ടർമാർക്ക് നേരത്തേ 25 പ്രവൃത്തിദിനംവരെ അനുവദിച്ചിരുന്നു. ഇത് 2023 ഏപ്രിൽമുതൽ 21 ദിവസമാക്കി ചുരുക്കി. മാസങ്ങളായി ശമ്പളം കിട്ടാതായപ്പോൾ ഉന്നതോദ്യോഗസ്ഥരെ സമീപിച്ച താത്കാലിക ജീവനക്കാരോട് ‘പിരിഞ്ഞുപോകേണ്ടവർക്ക് പോകാമെന്ന്’ പറഞ്ഞിരുന്നു. ഓണത്തിനുമുൻപ് ഇക്കാര്യവുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിച്ചപ്പോൾ പിരിച്ചുവിടില്ലെന്ന് ഉറപ്പുനൽകിയിരുന്നെന്ന് താത്കാലിക ജീവനക്കാർ പറയുന്നു.
=====================