സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്, മൂന്നു ഡിഗ്രി വരെ ചൂട് കൂടും; ജാഗ്രത

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഞായറാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും;

 

കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.ഞായറാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും;

കോട്ടയം ജില്ലയില്‍ ഉയർന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും; തിരുവനന്തപുരം , പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഞായറാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 മുതല് മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള് ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങള്‍ കർശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാർഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തില്‍ സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള് 11 മുതല് മൂന്നുവരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.