സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ 1514 അധ്യാപക തസ്തിക വെട്ടി
അധ്യാപകരുടെ ജോലിഭാരം ഉയർത്തിയും പി.ജി ക്ലാസുകൾക്കുള്ള വെയ്റ്റേജ് ഒഴിവാക്കിയും 2020ൽ ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇല്ലാതാകുന്നത് 1514 അസിസ്റ്റൻറ് പ്രഫസർ തസ്തിക.
തിരുവനന്തപുരം: അധ്യാപകരുടെ ജോലിഭാരം ഉയർത്തിയും പി.ജി ക്ലാസുകൾക്കുള്ള വെയ്റ്റേജ് ഒഴിവാക്കിയും 2020ൽ ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ഇല്ലാതാകുന്നത് 1514 അസിസ്റ്റൻറ് പ്രഫസർ തസ്തിക.
കോളജ്തലത്തിൽ നടത്തിയ പരിശോധനയിലൂടെ കോളജ് വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചപ്പോഴാണ് വൻ തോതിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കുന്ന കണക്ക് പുറത്തുവന്നത്. 161 ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ നിന്നാണ് ഇത്രയധികം അധ്യാപക തസ്തികകൾ ഇല്ലാതാകുന്നത്. എല്ലാതരം അധ്യാപക തസ്തികകൾക്കും ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കിയും ഒരു മണിക്കൂർ പി.ജി അധ്യാപനം ഒന്നര മണിക്കൂർ ജോലിഭാരമായി പരിഗണിച്ചിരുന്നതും റദ്ദാക്കിയാണ് 2020ൽ ഉത്തരവിറങ്ങിയത്. ഇതോടെ സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപക തസ്തികകൾ അധികമായി മാറുകയും പി.എസ്.സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം തടയപ്പെടുകയും ചെയ്തിരുന്നു. പല റാങ്ക് പട്ടികകളിൽ നിന്നും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യവുമായി. സർക്കാർ കോളജുകളിൽ വിരമിക്കൽ വഴി ഒഴിവുവന്ന അധ്യാപക തസ്തികകളിൽ 380 എണ്ണം അധികമെന്ന് കണ്ട് നിയമനം നടത്താതെ റദ്ദാക്കി.
ഇതിന് പിന്നാലെയാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള കോളജുകളിലെ ജോലിഭാരം വിലയിരുത്തി തസ്തികകളുടെ എണ്ണം കണക്കാക്കിയത്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിന് കീഴിലെ എയ്ഡഡ് കോളജുകളിൽ 289, തൃശൂരിൽ 383, എറണാകുളത്ത് 336, കോട്ടയത്ത് 383, കൊല്ലം 245 എന്നിങ്ങനെ തസ്തികകളാണ് അധികമെന്ന് കണ്ടെത്തിയത്. 161 എയ്ഡഡ് കോളജുകളിൽ 8290 അധ്യാപക തസ്തികകളാണ് അനുവദിച്ചിരുന്നത്. ജോലിഭാരത്തിൽ വരുത്തിയ മാറ്റത്തിലൂടെ തസ്തികകളുടെ എണ്ണം 6,799 ആയി കുറഞ്ഞു. ജോലിഭാരത്തിൽ മാറ്റം വരുത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നും പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും ശിപാർശ ചെയ്യുന്ന സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ചെങ്കിലും തള്ളുകയായിരുന്നു.