തവനൂരിൽ കെ.ടി. ജലീൽ 2236 വോട്ടിന് പിന്നിൽ
മലപ്പുറം: തവനൂരിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ.ടി ജലീൽ 2236 വോട്ടിന് പിന്നിൽ. ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.എസ്. ജോയിയാണ് ഇവിടെ മുന്നിൽ. പോളിങ് ശതമാനം എൽ.ഡി.എഫിന് അത്ര അനുകൂലമല്ലെന്ന വിലയിരുത്തൽ തുടക്കംമുതൽ തന്നെ ഉണ്ടായിരുന്നു. ബൂത്തുതല കണക്കുകൾ വെച്ച്, പൊന്നാനിക്കൊപ്പം തവനൂരിലും ഭൂരിപക്ഷം കുറയുമെന്നായിരുന്നു സി.പി.എം ജില്ല സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കണ്ടിരുന്നുവെന്ന് വ്യക്തം.
പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ 5000 മുതൽ 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധത വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമായതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം നന്നായി ലഭിച്ചതും വി.എസ്. ജോയിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.
ബി.ജെ.പിക്ക് സമാന്യം ശക്തിയുള്ള മണ്ഡലത്തിൽ, പാർട്ടി മുൻ ജില്ല അധ്യക്ഷനായ ബി.ജെ.പി സ്ഥാനാർഥി രവി തേലത്ത് പിടിക്കുന്ന വോട്ടുകളും ജലീലിന് നിർണ്ണായകമാവും. സി.പി.എമ്മിന് വിജയം ഉറപ്പുള്ള സംസ്ഥാനത്തെ 50 മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരില്ലെന്ന എന്നുള്ളതിൽതന്നെ എൽ.ഡി.എഫിന് ആശങ്കയുള്ള മണ്ഡലങ്ങളിൽ ഒന്നാണിതെന്ന് വ്യക്തം. അതേസമയം, കാന്തപുരം വിഭാഗത്തിന്റെയും സമസ്തയിലെ ലീഗ് വിരുദ്ധരുടെയും വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായതായും തവനൂരിൽ വിജയം ഉറപ്പാണെന്നുമാണ് കെ.ടി. ജലീൽ പറഞ്ഞിരുന്നത്.
2011ലും 2016ലും 2021ലും തവനൂരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.ടി ജലീന്റെ ഈ മണ്ഡലത്തിൽനിന്നുള്ള നാലാമത്തെ അങ്കമാണിത്. 2021ൽ ജീവകാരുണ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെതിരെ മത്സരിച്ചപ്പോൾ കേവലം 2,564 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തെരഞ്ഞെടുക്കപ്പെട്ടത്. ഫിറോസ് കുന്നുംപറമ്പിലിനോട് കടുത്ത മത്സരമാണ് ജലീൽ നേരിട്ടത്.