ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്സ് ആശങ്കയുണ്ടാക്കുന്നു; പുനഃപരിശോധിക്കണമെന്ന് കെ കെ ശൈലജ

എന്നാല്‍, ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

 

അതില്‍ ഉത്തര്‍പ്രദേശിലെ ചീഫ് സെക്രട്ടറിയായിരുന്ന ആളും ഉള്‍പ്പെടുന്നുണ്ട്. അഴിമതിക്കുറ്റത്തിന് ആരോപണ വിധേയനായ ആളാണ് അദ്ദേഹം.'

സ്വകാര്യ മേഖല നേതൃത്വം നല്‍കുന്ന ടാസ്‌ക് ഫോഴ്സ് ഭയമുണ്ടാക്കുന്നതാണെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ തകര്‍ക്കരുത്. ടാസ്‌ക് ഫോഴ്സ് വിദഗ്ദ സമിതിയില്‍ അഴിമതിക്കേസില്‍ ആരോപണ വിധേയരായവരുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

'കമ്മിറ്റി ഓര്‍ഡര്‍ ഒറ്റനോട്ടത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. കേരളത്തിലെ ശക്തമായ പൊതുജന ആരോഗ്യ ശൃംഖലയെ എന്തിനാണ് സ്വകാര്യ മേഖലയ്ക്ക് അവരുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ നടത്താന്‍ അനുവാദം കൊടുക്കുന്നത്? പഠനം നടത്തുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ അതില്‍ ഉത്തര്‍പ്രദേശിലെ ചീഫ് സെക്രട്ടറിയായിരുന്ന ആളും ഉള്‍പ്പെടുന്നുണ്ട്. അഴിമതിക്കുറ്റത്തിന് ആരോപണ വിധേയനായ ആളാണ് അദ്ദേഹം.' സര്‍ക്കാര്‍ പരിശോധിച്ച് തിരുത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

എന്നാല്‍, ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ടാസ്‌ക് ഫോഴ്‌സിനെ തീരുമാനിക്കുന്ന കാര്യം താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് വേണ്ടി വന്നാല്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. എല്ലാ കാര്യങ്ങളും തങ്ങള്‍ ആലോചിച്ചാണ് തീരുമാനം എടുക്കാറുള്ളത്. ഇതുസംബന്ധിച്ച ക്ലാരിറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കും. ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.