താനൂര്‍ ബോട്ട് അപകടം; സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി റിയാസ്

പൊലീസിന്റെ സ്‌പെഷ്യല്‍ ടീം ആശുപത്രികളില്‍ സജ്ജമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
 

താനൂരില്‍ രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളിലും മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനുള്ള നടപടികളിലുമാണ് ഇപ്പോള്‍ ശ്രദ്ധ. ബോട്ടപകടത്തിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ അപകട സ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘം താനൂരില്‍ എത്തും. വിവിധ ആശുപത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചു. പൊലീസിന്റെ സ്‌പെഷ്യല്‍ ടീം ആശുപത്രികളില്‍ സജ്ജമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

ബോട്ടപകടത്തില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.