അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും,താപ്പാനകളെ എത്തിക്കുന്നു; തളയ്ക്കാന്‍ തമിഴ്നാട്

 

 ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പശ്ചാത്തലത്തില്‍ തളയ്ക്കാന്‍ നടപടിയുമായി തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പനെ തളയ്ക്കുന്നതിന് കുങ്കിയാനകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 

ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങരുതന്ന് കമ്പത്തെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ആനയെ തളയ്ക്കുന്നതിന് മയക്കുവെടി വയ്ക്കുമെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ചാനലുകളോടു പറഞ്ഞു.

അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തിയതോടെ ആളുകള്‍ പരിഭ്രാന്തിയിലാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.

ആന കമ്പം ടൗണിലൂടെ ഓടി ഏതാനും ഓട്ടോ റിക്ഷകള്‍ തകര്‍ത്തു. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നി?ഗമനം.

ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വന മേഖലയിലായിരുന്നു ആന. ഇന്ന് രാവിലെ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളറില്‍നിന്നുള്ള സിഗ്നലുകള്‍ നഷ്ടമായി. ഇതോടെ വനം വകുപ്പ് തിരച്ചില്‍ തുടങ്ങി. അതിനിടെയാണ് ആന കമ്പം ടൗണിലെത്തിയന്ന് വ്യക്തമായത്.