തളിപ്പറമ്പ് സൂസഫാരി പാർക്ക് ക്യാന്പ് ഓഫീസ് തുറന്നു, കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കാണേണ്ട സ്ഥലമാകുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ
കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി തളിപ്പറമ്പും നാടുകാണിയിലെ സൂ സഫാരി പാർക്കുംമാറുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ
തളിപ്പറമ്പ് ; കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി തളിപ്പറമ്പും നാടുകാണിയിലെ സൂ സഫാരി പാർക്കുംമാറുമെന്ന് എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു. വിനോദ സഞ്ചാരഭൂപടത്തിൽ ലോകത്തിന് വിസ്‌മയമാകുന്ന തത്ത്രിൽ ഏഷ്യയിലെ ഏറ്റവും വലിയ സൂസഫാരി പാർക്കായി തളിപ്പറന്പ് നാടുകാണിയിലെ ഇൗ പാർക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നാടുകാണി സൂ– സഫാരി പാർക്ക് ക്യാന്പ് ഓഫീസ് കിൻഫ്രയിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഭാവിക വനപ്രദേശമായ നാടുകാണിയിൽ 1500ലേറെ കൂറ്റൻ തേക്കുമരങ്ങളുണ്ട്. ഏറുമാടങ്ങളുടെ മാതൃകയിൽ ഇൗ തേക്കുമരങ്ങൾക്കുമേൽ സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യമുൾപ്പെടെയാകും നിർമിതികൾ. തളിപ്പറന്പിന്റെ വികാസ ചരിത്രത്തിൽ വലിയ നാഴികക്കല്ലാകുന്ന വികസനങ്ങൾക്ക് തുടക്കമിടുന്നു എന്നതിന്റെ പേരിൽ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടദിവസമാണിന്നെന്നും എം വി ഗോവിന്ദൻ എംഎൽഎ പറഞ്ഞു.
തളിപ്പറമ്പ്– കൂർഗ് സംസ്ഥാന പാതയോടുചേർന്ന് പ്ലാന്റേഷൻ കോർപറേഷൻ സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കൈമാറിയ 252. 8 ഏക്കർ പ്രദേശത്തിന്റെ മൂല്യനിർണയവും പ്ലാനുംഎത്രയുംവേഗം പൂർത്തിയാക്കി സർക്കാറിന് സമർപ്പിക്കാൻ തുടർന്ന് ചേർന്ന അവലോകനയോഗത്തിൽ എംഎൽഎ നിർദേശിച്ചു. വിശദപദ്ധതി രേഖ സമർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അതിനനുസൃതമായി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. മൃഗശാലവകുപ്പ് ഡയറക്ടർ പി എസ് മഞ്ജുളാദേവി ആമുഖഭാഷണം നടത്തി. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എസ് പി രമേശൻ സ്വാഗതം പറഞ്ഞു.