ടി. സിദ്ദീഖ് എംഎൽഎക്കെതിരേ ഉണ്ടായ കൂവി വിളി; പരാതി നൽകി ദുരന്തബാധിതര്‍

ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആണ്  പൊലീസിൽ പരാതി നൽകിയത്.

 

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദീഖ് എംഎൽഎ സംസാരിക്കവേ സിപിഎം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍. ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആണ്  പൊലീസിൽ പരാതി നൽകിയത്. എംഎൽഎയെ കൂവി വിളിച്ച് അപമാനിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ആവശ്യം.പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മനുഷ്യത്വത്തിന് നിരക്കാത്ത നടപടിയാണ്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയിക്കുന്നുവെന്നും സംഘടന ആരോപിച്ചു.

ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചപ്പോൾ സദസിൽ നിന്ന് കയ്യടികളുമുണ്ടായി. തുടര്‍ന്ന് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും ടി സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു.