ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗം; സിപിഐഎം നേതൃത്വത്തിന് അതൃപ്തി
സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ടി. ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും പ്രസംഗത്തെ പാർട്ടി തള്ളിയതായും റിപ്പോർട്ട്
പ്രസംഗം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. തിരുത്തല്‍ പ്രക്രിയയുടെ അന്തഃസത്ത ചോര്‍ത്തുന്ന പ്രസംഗം എന്നും വിമര്‍ശനം വരുന്നുണ്ട്.
കണ്ണൂര്‍: സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ടി. ഐ. മധുസൂദനൻ നടത്തിയ വിവാദ പ്രസംഗത്തിൽ സിപിഐഎം നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും പ്രസംഗത്തെ പാർട്ടി തള്ളിയതായും റിപ്പോർട്ട് .പ്രസംഗം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു. തിരുത്തല്‍ പ്രക്രിയയുടെ അന്തഃസത്ത ചോര്‍ത്തുന്ന പ്രസംഗം എന്നും വിമര്‍ശനം വരുന്നുണ്ട്.
പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണ് പ്രസംഗമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.സിപിഐഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം പ്രസംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കെ കെ രാഗേഷ് ഉള്‍പ്പടെയുള്ള ആളുകള്‍ മുഖ്യമന്ത്രിയുടെ കണ്ണൂര്‍ പ്രസംഗവുമായി സമീകരിച്ചുകൊണ്ടാണ് മധുസൂധനന്റെ പ്രസംഗത്തെ ന്യായീകരിക്കുന്ന പ്രതികരണം നടത്തിയത്.
എന്നാല്‍, പ്രസംഗം അനാവശ്യമായിപ്പോയി എന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടറേയേറ്റിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്.ധനരാജ് വധക്കേസ് വിധി വന്നതിനു പിന്നാലെ പയ്യന്നൂരില്‍ നടന്ന ഡിവൈഎഫ്ഐ പരിപാടിയിലായിരുന്നു ടി ഐ മധുസൂദനന്റെ വെല്ലുവിളി.
വി കുഞ്ഞികൃഷ്ണന് എംഎല്‍എയെ രാഷ്ട്രീയ നപുംസകമെന്നു അധിക്ഷേപിച്ച മധുസൂദനന് ധനരാജ് വധക്കേസില്‍ വിധി പറഞ്ഞ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയെയും വെറുതെ വിട്ടില്ല. കണക്കു പറയേണ്ടത് പാര്‍ട്ടി പറഞ്ഞൂ തന്നെ തീര്‍ക്കുമെന്ന് മധുസൂദനന് പറഞ്ഞു.
ചീമേനിയില്‍ അഞ്ചു പേരെ കൊന്നവരെ കോടതി വെറുതെ വിട്ടെങ്കിലും അവരാരും ഇന്ന് ജീവനോടെ ഇല്ലെന്നു ഓര്‍ക്കണമെന്നും മധുസൂദനന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കലാപാഹ്വനം അനുവദിക്കില്ലെന്നു വ്യക്തമാക്കിയ ആഭ്യന്തര മന്ത്രി കേസെടുക്കാന്‍ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.