സിനഗോഗിന് സമീപം നടത്തിയ തീവെപ്പ് ജൂതസമൂഹത്തെ ഭീതിപ്പെടുത്താൻ ;  പ്രതി എബിൻ പോൾ അഞ്ച് ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ  

എറണാകുളം മാർക്കറ്റിനടുത്ത് സിനഗോഗിന് സമീപം എബിൻ പോൾ നടത്തിയ തീവെപ്പ് ജൂതസമൂഹത്തെ ഭീതിപ്പെടുത്താനാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റിപ്പോർട്ട്.

 

 കൊച്ചി: എറണാകുളം മാർക്കറ്റിനടുത്ത് സിനഗോഗിന് സമീപം എബിൻ പോൾ നടത്തിയ തീവെപ്പ് ജൂതസമൂഹത്തെ ഭീതിപ്പെടുത്താനാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) റിപ്പോർട്ട്. രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും ഭീഷണിയുയർത്തുന്ന ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതി എബിൻ പോൾ ആക്രമണം നടത്തിയതെന്നും കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.

‘എസ്.ആർ’, ‘വിക്രം സിങ്’ തുടങ്ങിയ ടെലിഗ്രാം അക്കൗണ്ട് ഹാൻഡ്‌ലർമാരുമായാണ് എബിൻ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായത്. സംഭവത്തിന് രണ്ടു മണിക്കൂറിനുശേഷം സ്വകാര്യ വാലറ്റുകളിൽനിന്ന് എബിന്റെ അക്കൗണ്ടിലേക്ക് ക്രിപ്റ്റോ കറൻസി പേയ്മെന്റുകൾ ലഭിച്ചതായും ഹരജിയിൽ പറയുന്നു. ഹരജി പരിഗണിച്ച എൻ.ഐ.എ കോടതി ജഡ്ജി പി.കെ. മോഹൻദാസ്, എബിൻ പോളിനെ അഞ്ച് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

ടെലിഗ്രാം അക്കൗണ്ട് ഹാൻഡ്‌ലർമാരുടെ നിർദേശപ്രകാരമാണ് പ്രതി തീവെപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ. സിനഗോഗിന് മുന്നിലെ ഗേറ്റിന് തീയിട്ടശേഷം ദൃശ്യങ്ങൾ പകർത്തി ഇവർക്ക് അയച്ചു. മൂവാറ്റുപുഴയിലെ ആവാസ പ്രോപ്പർട്ടീസ്, മൈ കാർസ് എന്നീ സ്ഥാപനങ്ങൾക്കുനേരെയും സമാന രീതിയിൽ തീവെപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എൻക്രിപ്റ്റ് ചെയ്ത കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമുകളും വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകളും സ്വകാര്യ ക്രിപ്റ്റോകറൻസി വാലറ്റുകളും ഉപയോഗിച്ചാണ് പ്രതിയും ഹാൻഡ്ലർമാരും ബന്ധം പുലർത്തിയത്.

ടെലിഗ്രാം, വാട്സ്ആപ്പ്, കുകോയിൻ എന്നിവയിൽനിന്ന് ലഭിച്ച മറുപടികൾ, കോൾ ലോഗുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയുൾപ്പെടെ തെളിവുകൾ ഉപയോഗിച്ച് പ്രതിയെ കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യാനാണ് എൻ.ഐ.എ ഒരുങ്ങുന്നത്. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റുള്ളവരെ കണ്ടെത്തുകയും ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കൾ വീണ്ടെടുക്കുകയും വേണമെന്നും ഹരജിയിൽ പറഞ്ഞു.

അതേസമയം, പ്രതി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും ഹൈസെക്യൂരിറ്റി ജയിലിലേക്ക് മാറ്റിയതോടെ മരുന്ന് മുടങ്ങിയെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മരുന്ന് തുടരാൻ ആവശ്യമായ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു.