വർക്കലയിൽ സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് സംശയം ; നടത്തിപ്പുകാരിയടക്കം അഞ്ചുപേർ അറസ്റ്റിൽ
വർക്കലയിൽ സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസിന്റെ വ്യാപക പരിശോധന. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിൽ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾ പൂട്ടിച്ചു.
വർക്കലയിൽ സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് പോലീസിന്റെ വ്യാപക പരിശോധന. വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിൽ ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾ പൂട്ടിച്ചു. നടത്തിപ്പുകാരിയും ഇടപാടുകാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മതിയായ ലൈസൻസോ ആവശ്യമായ രേഖകളോ ഇല്ലാതെ പ്രവർത്തിച്ച അഞ്ച് സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
ഇടവ കാപ്പിലിൽ വാടകയ്ക്കെടുത്ത ഹോംസ്റ്റേ കേന്ദ്രീകരിച്ച് സ്പാ എന്ന പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരി, ഇടപാടുകാരെ ഓട്ടോറിക്ഷയിലും മറ്റും എത്തിച്ചിരുന്ന ഏജന്റ്, ഇടപാടുകാർ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. അനാശാസ്യ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണി ഐ.പി.എസ് നൽകിയ നിർദേശപ്രകാരം വർക്കല സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. വർക്കല ഡിവൈ.എസ്.പി പി.വി. രമേഷ് കുമാർ വാർത്താസമ്മേളനത്തിലാണ് നടപടികളുടെ വിശദാംശങ്ങൾ അറിയിച്ചത്. പരിശോധനയിൽ അഞ്ച് സ്പാകൾക്ക് കൊമേഴ്സ്യൽ ലൈസൻസോ മറ്റ് ആവശ്യമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തി. മതിയായ രേഖകളില്ലാത്തതും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
രണ്ടാഴ്ച മുമ്പും വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് വീണ്ടും വ്യാപക പരിശോധന നടത്തിയത്. മുൻ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നടപടികളും ശക്തമാക്കിയിട്ടുണ്ട്. സ്പാകളുടെ ലൈസൻസ്, രജിസ്ട്രേഷൻ, മറ്റ് അനുബന്ധ രേഖകൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും നിയമാനുസൃത രേഖകളുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതി നൽകൂവെന്നും ഡിവൈ.എസ്.പി വ്യക്തമാക്കി. സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അനധികൃത സ്ഥാപനങ്ങൾക്കെതിരായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പോലീസ് അറിയിച്ചു.