കാലടി സർവകലാശാലയിലെ സമരം ചെയ്‌ത 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കണം ; എസ്.എഫ്.ഐ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരം ചെയ്‌ത 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

 

 കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരം ചെയ്‌ത 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സർവകലാശാലാ കവാടത്തിന് മുന്നിൽ സജ്ജമാക്കിയ സമരപ്പന്തലിൽ അശ്വന്ത്, അർച്ചന, കെ.വി. അഭിജിത് എന്നീ മൂന്ന് വിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ നിരാഹാരം അനുഷ്ഠിക്കുന്നത്.

സർവകലാശാലാ വൈസ് ചാൻസലറുടേത് വിദ്യാർത്ഥി വിരുദ്ധ നിലപാടാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. തടവിലുള്ള പ്രതികൾക്ക് വരെ പരീക്ഷയെഴുതാൻ അവസരം ലഭിക്കുമ്പോൾ സ്വന്തം സർവകലാശാലയിലെ വിദ്യാർത്ഥികളുടെ പരീക്ഷ തടയുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നാളെ (നവംബർ 3) പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സമരം ശക്തമാക്കിയത്.

വിദ്യാർത്ഥികളെ ഒരു ഉപാധിയുമില്ലാതെ തിരികെ പ്രവേശിപ്പിക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. “മാപ്പെഴുതി നൽകുന്നത് തങ്ങളുടെ ശീലമല്ല. അത് മാരാർജി ഭവനിലോ ലോക് ഭവനിലോ പോയി പറഞ്ഞാൽ മതി. വിദ്യാർത്ഥികൾക്ക് കഴിഞ്ഞ 60 ദിവസമായി നഷ്ടപ്പെട്ട ഹാജർ തിരികെ നൽകുന്നതുവരെ സമരം തുടരും,” എന്നും അദ്ദേഹം വ്യക്തമാക്കി.