കുളത്തൂപ്പുഴയിൽ സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച പ്രതികൾ പിടിയിൽ
ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ എൽപി സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. വിദ്യാലയത്തിനുസമീപം താമസിക്കുന്ന ചെറുകര അനന്തുഭവനിൽ അനന്തു രാജൻ (29), പൊൻപാതിരിമൂട് വീട്ടിൽ ബിനു (33) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം : ചെറുകര രാജീവ് ഗാന്ധി മെമ്മോറിയൽ എൽപി സ്കൂളിലെ ഉച്ചഭാഷിണി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. വിദ്യാലയത്തിനുസമീപം താമസിക്കുന്ന ചെറുകര അനന്തുഭവനിൽ അനന്തു രാജൻ (29), പൊൻപാതിരിമൂട് വീട്ടിൽ ബിനു (33) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്‍റെ പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിരുന്നുവോ എന്ന വിവരം ലഭ്യമാകൂവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കുളത്തൂപ്പുഴ എസ്എച്ച്ഒ ബി. അനീഷ് പറഞ്ഞു. ക്രിസ്മസ് അവധിദിനത്തിലാണ് ഒരുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണങ്ങൾ സ്കൂളിൽനിന്ന് കളവുപോയത്.
അവധിക്കിടെ സ്കൂൾ കെട്ടിടത്തിന്‍റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി വിവരം നൽകിയതിനെത്തുടർന്ന് അധികൃതരെത്തി പരിശോധിച്ചപ്പോഴാണ് ഉച്ചഭാഷിണി കടത്തിയത് അറിയുന്നത്.സ്കൂൾ അധികൃതരുടെ പരാതിയിൽ കേസെടുത്ത് കുളത്തൂപ്പുഴ പോലീസ് അന്വേഷണം തുടരുന്നതിനിടെ, മോഷണംപോയ സാധനങ്ങളിൽ ചിലത് ഒഴികെയുള്ളവ വിദ്യാലയത്തിന്‍റെ തിണ്ണയിൽ ഇരിക്കുന്നതാണ് കഴിഞ്ഞദിവസം രാവിലെ സ്കൂളിലെത്തിയ അധികൃതർ കണ്ടത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി തൊണ്ടിസാധനങ്ങൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. മാസങ്ങൾക്കുമുൻപ് ഓയിൽപാം അധികൃതർ സിഎസ്ആർ ഫണ്ടിൽനിന്ന് വാങ്ങിനൽകിയ സൗണ്ട് സിസ്റ്റമാണ് മോഷണംപോയത്. ആംപ്ലിഫയർ, സൗണ്ട് മിക്സിങ് യൂണിറ്റ്, സ്പീക്കർ, മൈക്ക് തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നു.