ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ്  അറസ്റ്റ് ചെയ്തു. എറണാകുളം തൊപ്പുംപടി സ്വദേശി പി.എ മുഹമ്മദ്‌ ജസീൽ  എന്നയാളാണ്  അറസ്റ്റിലായത്..
 

തലശേരി :ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ്  അറസ്റ്റ് ചെയ്തു. എറണാകുളം തൊപ്പുംപടി സ്വദേശി പി.എ മുഹമ്മദ്‌ ജസീൽ  എന്നയാളാണ്  അറസ്റ്റിലായത്..പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആൾക്കാരെയും 2019 ഡിസംബർ മാസം മുതലുള്ള കാലയളവിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂ നെറ്റ് മാർക്കറ്റിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 61 ലക്ഷത്തി 48,500 രൂപ കൈക്കലാക്കി അതിനുശേഷം വാഗ്ദാനം ചെയ്ത ജോലിയോ തുകയോ നൽകാതെ  വഞ്ചിച്ച കേസിലാണ് അറസ്റ്റ്. 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ നിർദ്ദേശാനുസരണം കൂത്തുപറമ്പ് എ സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ്
പ്രതിയെഅറസ്റ്റ് ചെയ്തത്.  റെന്റ് എ കാർ, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ വിവിധ തരം ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്.

വിവിധ കാലയളവിൽ നിക്ഷേപകന് നിക്ഷേപിക്കുന്ന സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ്  വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും പണമോ വാഗ്ദാനം നൽകിയ ജോലിയോ കിട്ടാത്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ്‌ കെ ടി, സി പി ഒ മഹേഷ്‌ എന്നിവരാണ് പ്രതിയെ പിടികൂടിയത്.