സ്ത്രീപീഡനക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ; ഹണി ട്രപ്പ് കേസിലും പങ്കാളി

2021-ലെ സ്ത്രീപീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ (36) ആണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ഇന്റലിജൻസ് സ്ക്വാഡിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

കാഞ്ഞങ്ങാട്: 2021-ലെ സ്ത്രീപീഡനക്കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ (36) ആണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ഇന്റലിജൻസ് സ്ക്വാഡിന്റെ പിടിയിലായത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2021-ൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത സ്ത്രീപീഡന കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി വിചാരണ വേളയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചു. ഇതിനുപുറമെ, 2024-ൽ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രപ്പ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഒളിവിൽ കഴിയുന്നതിനിടെ അന്യസംസ്ഥാനങ്ങളിലേക്ക് ചരക്കുമായി പോകുന്ന ലോറികളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. പ്രതിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും യാത്രാ വഴികളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് പ്രതിയെ വിദഗ്ധമായി തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.