'ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവെച്ച് ക്യാഷുണ്ടാക്കിക്കോളൂ' ; ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സുരേഷ് ഗോപി
തൃശൂർ : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഇതുവെച്ച് പണമുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുകേഷ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ: "ഇത് നിങ്ങളുടെ തീറ്റയാണ് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇതുവെച്ച് നിങ്ങൾ ക്യാഷുണ്ടാക്കിക്കോളൂ.
കുഴപ്പമില്ല. എന്നാൽ ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ്. ഈ വിഷങ്ങളെല്ലാം കോടതിയിലുണ്ടെങ്കിൽ കോടതിക്ക് ബുദ്ധിയുണ്ട്, യുക്തിയുണ്ട് കോടതി തീരുമാനമെടുത്തോളും. സർക്കാർ അത് കോടതിയിൽ കൊടുത്താൽ അവർ സ്വീകരിക്കും. തമ്മിത്തല്ലിച്ച് സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതെറ്റിച്ചുവിടാനാണ് നിങ്ങളുടെ ശ്രമം. പരാതി ആരോപണത്തിന്റെ രൂപത്തിലാണ്. നിങ്ങൾ കോടതിയാണോ..കോടതി തീരുമാനിക്കും"- സുരേഷ് ഗോപി പ്രതികരിച്ചു.