തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം ; അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേസ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതോടെ അപകടകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേസ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മനുഷ‍്യ സുരക്ഷക്കാണ് പ്രഥമ മുൻഗണനയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് പൊതുസ്ഥലങ്ങളിൽ നിന്ന് നായകളെ മാറ്റണമെന്ന മുൻ ഉത്തരവുകൾ പിൻവലിക്കാനുള്ള ഹരജി കോടതി തള്ളുകയും അപകടകാരികളായവയെ കൊല്ലാമെന്ന് അനുമതി നൽകുകയും ചെയ്തു.
ദയാവധം നടപ്പിലാക്കാനുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയ ശേഷം തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതി രൂപവത്കരിക്കുകയും ചെയ്തു. ദയാവധത്തിനായുള്ള ഷെൽട്ടറുകൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകും. അതേ സമയം രണ്ടിൽക്കൂടുതൽ നായകളുള്ള വീടുകൾ ഷെൽട്ടറുകളായി പരിഗണിക്കുകയും ലൈസൻസ് നൽകുകയും ചെയ്യാനാണ് പദ്ധതി. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനായുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കും.
അതേ സമയം സംസ്ഥാനത്ത് തെരുവുനായ ശല്യം അതീവഗുരുതരമായെന്ന് വ്യക്തമാക്കുന്ന കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായ കടിയേറ്റത്. ഈ കാലയളവിൽ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്ടമായി. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. 2021ൽ 2,21,379 പേർക്കാണു സംസ്ഥാനത്ത് കടിയേറ്റതെങ്കിൽ 2025ൽ അത് 3,69,272 ആയി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. സമാനമായി 2021ൽ 11 ആയിരുന്ന മരണസംഖ്യ 2025ൽ 33 ആയി വർധിച്ചു. 2025ൽ ആലപ്പുഴയിലും കൊല്ലത്തും 5 പേർ പേവിഷബാധയേറ്റു മരിച്ചു.