‘അന്വേഷണത്തോട് പൂർണ്ണമായി സഹകരിച്ചു, ഇനി കസ്റ്റഡി വേണ്ട’ ; ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ജാമ്യാപേക്ഷയുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുപ്രീം കോടതിയിൽ

 

 ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീൽ നൽകിയത്. അന്വേഷണവുമായി താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അതിനാൽ തുടർ കസ്റ്റഡിയുടെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എൻ. വാസു ജാമ്യാപേക്ഷ സമർപ്പിച്ചത്.

ദേവസ്വം കമ്മീഷണർ ആയിരുന്ന കാലയളവിൽ എക്സിക്യുട്ടീവ് ഓഫീസർക്ക് ലഭിച്ച കത്ത് ബോർഡിന് കൈമാറിയതിലും, പ്രസിഡന്റ് സ്ഥാനത്തിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിൽ വേണ്ടത്ര പരിശോധിച്ചില്ല എന്നതിലുമാണ് തനിക്കെതിരെ ആരോപണമുള്ളതെന്ന് എൻ. വാസു കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തോട് താൻ പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇനി കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും അഭിഭാഷക ആൻ മാത്യൂ മുഖേന സമർപ്പിച്ച ഹർജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.