പി പി ദിവ്യയുടെ പരാമർശം അധികാരത്തിന്റെ അഹങ്കാരത്തിലും ​ഗർവിലും; വിമർശിച്ച് സണ്ണി ജോസഫ് എംഎൽഎ

കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി സണ്ണി ജോസഫ് എംഎൽഎ. 

 

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി സണ്ണി ജോസഫ് എംഎൽഎ.  ദിവ്യ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്നും അധികപറ്റാണെന്നും അധികാരത്തിന്റെ അഹങ്കാരത്തിലും ​ഗർവിലും ആണ് ഇക്കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി കൈമാറാമായിരുന്നു. യാത്രയയപ്പ് യോ​ഗത്തിൽ ഇത്തരം പരാമർശങ്ങൾ നടത്തുകയെന്ന് പറഞ്ഞാൽ അത് ശരിയല്ല. അത്തരം യോ​ഗങ്ങൾ പൊതുവെ അവരുടെ പ്രവർത്തനകാലത്തെ കുറിച്ച് സംസാരിക്കാനാണ്. വിളിക്കാതെ ഒരു യോ​ഗത്തിൽ പോവുക, ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുക എന്ന് പറഞ്ഞാൽ അതിന്റെ ഉദ്ദേശ്യം എന്താണ് എന്ന് നമുക്ക് മനസിലാക്കാം. പരാതിയുണ്ടെങ്കിൽ ​ദിവ്യയെ പോലെ ഒരാൾക്ക് പരാതി സമർപ്പിക്കാമല്ലോ. യോ​ഗത്തിൽ നടത്തിയ പരാമർശം ഒരു അധികപറ്റാണ്. മറ്റാരുടെയോ ഇടപെടലാണ് ഇതിന് പിന്നിൽ. അധികാരത്തിന്റെ അഹങ്കാരത്തിലും ​ഗർവിലും ആണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്' എന്നും സണ്ണി ജോസഫ് പറഞ്ഞു.

Also read: പിപി ദിവ്യ ഭീഷണി മുഴക്കിയതിന് പിന്നാലെ മുന്‍ കണ്ണൂര്‍ എഡിഎം ആത്മഹത്യ ചെയ്തു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിവാദത്തില്‍, യാത്രയയപ്പ് ചടങ്ങിനിടെ അഴിമതി ആരോപണം

'ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും തോന്നിയിട്ടുണ്ടാകാം. ഏതായാലും ഈ മരണ കാരണം പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് മരണകാരണം എന്ത് എന്ന് കണ്ടെത്തണം. സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. ആ ഒരു വ്യക്തിക്ക് പോലും ഇത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്' എന്നും അദ്ദേഹം പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയിൽ ഉയർത്തിയത്. ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണമെന്നും നവീൻ ബാബു കണ്ണൂരിൽ പ്രവർത്തിച്ചതുപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കരുതെന്നും പി പി ദിവ്യ വേദിയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലർച്ചയോടെയാണ് എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.